ജയ്‌പൂര്‍: കുപ്രസിദ്ധ ഗുണ്ട വിക്രം ലാദന്‍ ബെഹ്‌റൂര്‍ കോടതിയില്‍ ഹാജരായത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിഞ്ഞ്. നിരവധി കേസുകളില്‍ പ്രതിയായ ലാദനെ കനത്ത സുരക്ഷയിലാണ് രാജസ്ഥാന്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. കോടതി ഉത്തരവ് പ്രകാരമാണ് കനത്ത സുരക്ഷയൊരുക്കാന്‍ പൊലീസ് തയ്യാറായത്.
ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തിയ സംഘം ഉത്തര്‍ പ്രദേശിലെ മുന്‍ എംപിയും ഗുണ്ടാ നേതാവുമായിരുന്ന അതിഖ് അഹമ്മദിന് നേരെയും സഹോദരന്‍ അഷറഫ് അഹമ്മദിന് നേരെയും വെടിയുതിര്‍ത്തിരുന്നു. വെടിയേറ്റ് ഇരുവരും തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. പ്രതികളെ പ്രയാഗ്‌രാജ് കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു.
കനത്ത സുരക്ഷയ്‌ക്ക് കാരണം: ഇതേതുടര്‍ന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച് കൂടുതല്‍ സുരക്ഷ സന്നാഹത്തോടെ ലാദനെ ബെഹ്‌റോര്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയത്. കൊലപാതകം, കള്ളക്കടത്ത്, കൊള്ളയടി തുടങ്ങി നിരവധി കേസുകളാണ് ലാദനെതിരെയുള്ളത്. ലാദനെതിരെ ചുമത്തിയിട്ടുള്ള ആറ് കേസുകളുമായി ബന്ധപ്പെട്ട് ഇതുവരെ കോടതിയില്‍ ഹാജരായിട്ടില്ല.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ ജയ്‌പൂര്‍ ജയിലിലേക്ക് തന്നെ കോടതി അയച്ചു. ലാദനുമായി ഏറ്റുമുട്ടിയ മറ്റൊരു കുപ്രസിദ്ധ ഗുണ്ട ജസ്‌റാം ഗുര്‍ദജാറിനെ നേരെ മൂന്ന് വര്‍ഷം മുമ്പ് ലാദന്‍ വെടിയുതിര്‍ത്തിരുന്നു. ഇതിന് പ്രതികാരമെന്നോണം രണ്ട് മാസം മുമ്പ് ലാദന്‍ ചികിത്സയിലായിരിക്കെ ആശുപത്രിയില്‍ എത്തിയ ഗുര്‍ദജാര്‍ സംഘം ലാദനു നേരെ വെടിയുതിര്‍ക്കുവാനുള്ള ശ്രമം നടത്തിയിരുന്നു. ആക്രമണത്തില്‍ രണ്ട് സ്‌ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ഗുണ്ടാസംഘം രക്ഷപെടുകയും ചെയ്‌തിരുന്നു.
അതിഖ് അഹമ്മദിന് വെടിയേറ്റത് എട്ട് തവണ: അതേസമയം, കൊല്ലപ്പെട്ട അതിഖ് അഹമ്മദിന് കുറഞ്ഞത് എട്ട് തവണയെങ്കിലും വെടിയേറ്റുവെന്നാണ് റിപ്പോര്‍ട്ട്. തലയിലും കഴുത്തിലും നെഞ്ചിലും വെടിയുണ്ടകള്‍ തറച്ചുകയറിയെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍, അതിഖ് അഹമ്മദിന്‍റെ സഹോദരന്‍ അഷറഫിന്‍റെ ശരീരത്തില്‍ തുളച്ചുകയറിയത് മൂന്ന് ബുള്ളറ്റുകളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതിഖിന് എട്ട് തവണയും അഷറഫിന് അഞ്ച് തവണയും വെടിയേറ്റെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌റഫിന്‍റെ പുറത്തും കഴുത്തിനും ഇടുപ്പിനുമാണ് വെടിയേറ്റത്. വിശദമായ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ് കാത്തിരിക്കുകയാണ്.
അതിഖിന്‍റെ മകന്‍ അസദ് അഹമ്മദിനെയും കൂട്ടാളികളെയും ഝാൻസിയിൽ വച്ച കഴിഞ്ഞ ദിവസം യുപിഎസ്‌ടിഎഫ് സംഘം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അതിഖിനെയും അഷ്‌റഫിനെയും അക്രമി സംഘം വകവരുത്തിയത്. തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആതിഖ് അഹമ്മദ് മുമ്പ് തന്നെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരും പൊലീസും സംരക്ഷണം ഒരുക്കുമെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
കൂടുതല്‍ ആവശ്യങ്ങള്‍ക്കായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കോടതി വിധി വന്ന് രണ്ടാഴ്‌ചയ്‌ക്കിടെയാണ് അതിഖ് അഹമ്മദിനെയും സഹോദരനെയും അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇരുവരുടെയും മൃതദേഹങ്ങള്‍ കസരി മസാരി ഖബര്‍സ്ഥാനില്‍ അടക്കം ചെയ്‌തിരുന്നു. ഇതേ സ്ഥലത്ത് തന്നെയാണ് കൊല്ലപ്പെട്ട അതിഖ് അഹമ്മദിന്‍റെ മകനെയും അടക്കം ചെയ്‌തത്.