ജയ്‌പൂർ: ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നത് ഡിസംബർ മൂന്നിനാണ്. ഇതില്‍ തെലങ്കാന ഒഴികെ ബിജെപി വിജയിച്ച മൂന്നിടത്തും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ ആദ്യാവസാനം ട്വിസ്റ്റ് നിലനിർത്തിയിരുന്നു. ആറ് ദിവസം കഴിഞ്ഞാണ് ഛത്തീസ്‌ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.
മാധ്യമങ്ങൾ ചർച്ചയാക്കിയ പ്രമുഖ പേരുകളെ ഒഴിവാക്കി ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിഷ്‌ണു ദിയോ ദേശായിയെ ഛത്തീസ്‌ഗഡില്‍ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ച ബിജെപി മധ്യപ്രദേശിലും അതേ തന്ത്രത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ദക്ഷിൺ ഉജ്ജയിൻ മണ്ഡലത്തില്‍ നിന്ന് തുടർച്ചയായി മൂന്നാം തവണ വിജയിച്ചെത്തിയ ഒബിസി നേതാവും നിലവിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ ഡോ മോഹൻ യാദവിനെയാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. എട്ട് ദിവസത്തിന് ശേഷമാണ് മധ്യപ്രദേശില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. അപ്പോഴും രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല.
രാജസ്ഥാനിലെ തന്ത്രമെന്താകും: മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, ദിയാ കുമാരി, ഗജേന്ദ്ര സിങ് ഷെഖാവത്, ബാബാ ബാലക്‌നാഥ് എന്നി പേരുകളാണ് രാജസ്ഥാനില്‍ ബിജെപിയുടെ മുഖ്യമന്ത്രിയായി സജീവ ചർച്ചയിലുള്ളത്. ഇവർക്കൊപ്പം ഭൂപേന്ദ്ര യാദവ്, ഓം മാത്തൂർ, അഷ്നിനി വൈഷ്ണവ്, കിരോരി ലാൽ മീണ തുടങ്ങിയ പേരുകളും കഴിഞ്ഞ മൂന്ന് ദിവസമായി ചർച്ചകളിലുണ്ട്.
നാളെ (12.12.23) വൈകിട്ട് നാലിന് നിയമസഭ കക്ഷി യോഗം ചേർന്ന ശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അങ്ങനെയെങ്കില്‍ കഴിഞ്ഞ 8 ദിവസമായി തുടരുന്ന സസ്‌പെൻസിന് അവസാനമാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, രാജ്യസഭ എംപി സരോജ് പാണ്ഡെ, ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിരീക്ഷകരായി രാജസ്ഥാനിലുള്ളത്. ഇവർ എംഎല്‍എമാരുമായി ചർച്ച നടത്തിയ ശേഷമാകും നിയമസഭ കക്ഷി യോഗം നടക്കുക. അതിനു ശേഷം രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
ശ്രദ്ധകേന്ദ്രമായി വസുന്ധര രാജെയുടെ വസതി: രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വൈകുന്നതിനിടെ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയുടെ വസതിയിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് വിവരം. ഇന്നലെ (10.12.23) ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ വസുന്ധ രാജെ കാണാൻ എം.എൽ.എമാരായ അൻഷുമാൻ സിംഗ് ഭാട്ടി, അജയ് സിംഗ് കിലക്, ബഹദൂർ സിംഗ് കോലി, ബാബു സിംഗ് റാത്തോഡ്, അർജുൻ ലാൽ ഗാർഗ്, സഞ്ജീവ് ബെനിവാൾ, കാളിചരൺ സറഫ്, ജഗത് സിംഗ് എന്നിവർ എത്തിയിരുന്നു. ഇതിന് പുറമെ മുൻ സംസ്ഥാന അധ്യക്ഷൻ അശോക് പർനാമി, മുൻ എംഎൽഎ പ്രഹ്ലാദ് ഗുഞ്ചാൽ, മുൻ മന്ത്രി രാജ്‌പാൽ സിംഗ് ഷെഖാവത്ത്, മുൻ മന്ത്രി ദേവി സിങ് ഭാട്ടി എന്നിവരും വസുന്ധര രാജെയെ കണ്ടിരുന്നു.