ആൽവാർ (രാജസ്ഥാൻ): കുടിയൊഴിപ്പിക്കാനെത്തിയ പൊലീസിന് മുമ്പിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. രാജസ്ഥാനിലെ ചാന്ദ്‌പഹാരി സ്വദേശി കരൺ സിങ് ഗുർജാറാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജയ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കരൺ സിങ് ഗുർജാറിന്‍റെ പിതാവ് മാന്തുറാമും, ചാന്ദ്‌പഹാരി സ്വദേശി കനയ്യലാലും തമ്മിൽ ഏറെ കാലമായി ഭൂമി തർക്കം നിലനിന്നിരുന്നു. കനയ്യലാലിന്‍റെ ഭൂമി മാന്തുറാം കൈവശപ്പെടുത്തി എന്നായിരുന്നു കേസ്. ഏറെ കാലം നിണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവിൽ ഭൂമി കനയ്യലാലിന് തിരികെ നൽകണമെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.
തുടര്‍ന്നാണ് മാന്തുറാമിനെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാൻ മലഖേഡ പൊലീസ് സംഘം എത്തിയത്. എന്നാൽ ഭൂമി വിട്ട് നൽകാൻ വിസമ്മതിച്ച മാന്തുറാമിന്‍റെ മകൻ കരൺ സിങ് ഗുർജാർ ഡീസൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 60 ശതമാനത്തിലധികം പൊളളലേറ്റ യുവാവിനെ ആദ്യം അൽവാറിലെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലും പിന്നീട് ജയ്‌പൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.