ദിയോഗർ/രാജ്‌സമന്ദ് : കാളവണ്ടികളില്‍ വധുവിന്‍റെ വീട്ടിലേക്കുള്ള വരന്‍റെയും സംഘത്തിന്‍റെയും യാത്ര സോഷ്യല്‍ മീഡിയയില്‍ വൈറല്‍. രാജ്‌സമന്ദിലെ ധേലന ഗ്രാമത്തിൽ നിന്നുള്ള വരൻ ഭരത് കുമാവത്തിന്‍റെ വിവാഹ ഘോഷയാത്രയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
ആധുനിക ആഡംബരങ്ങളുടെ പ്രലോഭനത്തെ ധിക്കരിച്ചുകൊണ്ടുള്ള യാത്ര പഴയകാലത്തെ ഓര്‍മ്മിപ്പിക്കുന്നതായി. ഒരു ഡസനിലധികം കാളവണ്ടികളാണ് വിവാഹ യാത്രയ്‌ക്കുണ്ടായിരുന്നത്. കാളവണ്ടിയില്‍ രാജ്‌സമന്ദ് തെരുവുകളിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാണ് വരനും സംഘവും സെലാഗുഡയിലെ വധുവിന്‍റെ വീട്ടിലെത്തിയത്.
പൂമാലകള്‍ കൊണ്ട് അലങ്കരിച്ച കാളവണ്ടികളിൽ പാട്ടുപാടിക്കൊണ്ടായിരുന്നു സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ള സംഘത്തിന്‍റെ യാത്ര. പാഴ്‌ച്ചെലവുകളും മലിനീകരണവും ഒഴിവാക്കാനുമുള്ള സന്ദേശമാണ് കാളവണ്ടി ഘോഷയാത്ര സമൂഹത്തിന് നൽകുന്നതെന്ന് വരന്‍റെ പിതാവ് മോഹൻലാൽ പറഞ്ഞു.
വിവാഹ ദിനത്തില്‍ താനും യാത്ര ചെയ്‌തത് കാളവണ്ടിയിലായിരുന്നുവെന്ന് സാമൂഹിക പ്രവർത്തകന്‍ കൂടിയായ ലാൽ കൂട്ടിച്ചേര്‍ത്തു. അതേസമയം പഞ്ചായത്തംഗം നാരായൺലാൽ കുമാവത്തിന്‍റെ നേതൃത്വത്തില്‍ ഉജ്വല സ്വീകരണമാണ് ഇവര്‍ക്ക് നല്‍കിയത്.