ജയ്‌പൂർ: രാജസ്ഥാനില്‍ 76 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്‌പീക്കര്‍ സി പി ജോഷിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ഞായറാഴ്‌ച (25.09.2022) രാത്രിയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്നാണ് എംഎല്‍എമാരുടെ രാജി.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്ന സച്ചിന്‍ പൈലറ്റിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഗെലോട്ട് പക്ഷം രംഗത്തു വന്നിരുന്നു. 2020ൽ സർക്കാരിനെ താഴെയിറക്കാൻ ശ്രമിച്ച ഒരാള്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രാജി സമര്‍പ്പിച്ച എംഎല്‍എമാര്‍ വ്യക്തമാക്കി. രാജി ഭീഷണി മുഴക്കി തൊണ്ണൂറിലധികം എംഎല്‍എമാര്‍ സ്‌പീക്കറുടെ വസതിയിലേക്ക് പോയിരുന്നു. 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 108 എംഎൽഎമാരാണുള്ളത്.
എംഎൽഎമാർ രാജിക്കത്ത് സമർപ്പിച്ചപ്പോൾ ഗെലോട്ടും മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും കോണ്‍ഗ്രസ് ലെജിസ്ലേചര്‍ പാര്‍ട്ടി (സിഎല്‍പി) യോഗത്തിനുള്ള തയാറെടുപ്പിലായിരുന്നു. സച്ചിന്‍ പൈലറ്റും അനുയായികളും എത്തിയെങ്കിലും യോഗം നടന്നില്ല. എംഎല്‍എമാരുടെ തര്‍ക്കം പരിഹരിക്കാന്‍ ഗെലോട്ടും ഖാര്‍ഗെയും മാക്കനും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
മന്ത്രിമാരായ ശാന്തി ധാരിവാൾ, പ്രതാപ് സിങ് ഖാചാരിയവാസ്, മഹേഷ് ജോഷി, മുഖ്യമന്ത്രി ഗെലോട്ടിന്‍റെ ഉപദേഷ്‌ടാവ് സന്യം ലോധ എന്നിവർ എഐസിസി അംഗങ്ങളെ കണ്ടെങ്കിലും തർക്കം തുടർന്നു. പാർട്ടി ദേശീയ അധ്യക്ഷനെ തെരഞ്ഞെടുത്തതിന് ശേഷം മാത്രമേ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്നാണ് രാജിവച്ച എംഎൽഎമാരുടെ ആവശ്യം. കൂടാതെ 2020 ൽ പൈലറ്റ് അനുയായികൾ നടത്തിയ കലാപത്തിൽ മുതിർന്ന നേതാവിനൊപ്പം നിന്ന ഒരാളായിരിക്കണം പുതിയ മുഖ്യമന്ത്രിയെന്നും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന വിഷയത്തില്‍ ഗെലോട്ടിന് അഭിപ്രായം പറയാനുള്ള അനുമതി നല്‍കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
എംഎൽഎമാരുടെ വിമത നീക്കം പാർട്ടി ഹൈക്കമാൻഡിന് നീരസം ഉണ്ടാക്കിയതായും എംഎൽഎമാർക്കെതിരെ നടപടിയുണ്ടാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
Also Read: രാജസ്ഥാനില്‍ രാഷ്‌ട്രീയ പ്രതിസന്ധി ; കൂട്ട രാജി ഭീഷണിയുമായി ഗെലോട്ട് പക്ഷത്തെ 92 എംഎല്‍എമാര്‍