ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്തെ ഓക്സിജന്‍റെയും മരുന്നുകളുടെയും ക്ഷാമത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിൽ രാഷ്ട്രീയ റാലികൾ നടത്തുന്നതിനുപകരം പ്രധാനമന്ത്രി ആരോഗ്യ രംഗത്ത് കൂടുതൽ ഇടപെടലുകൾ നടത്തുകയാണ് നിലവിൽ ചെയ്യേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ലോകത്തിൽ തന്നെ മരുന്ന് ഉത്പാദനത്തിന്‍റെയും വാക്സിൻ വികസിപ്പിക്കുന്നതിന്‍റെയും ഓക്സിജൻ ഉത്പാദനത്തിന്‍റെയും കണക്കിൽ മുൻപന്തിയിലുള്ള ഇന്ത്യയിൽ കൊവിഡ് രോഗികൾ മരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്ത് മറ്റൊരു രാജ്യത്തും മരുന്നും ഓക്സിജനും ലഭിക്കാതെ കൊവിഡ് രോഗികൾ മരിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കൂടിയായ ഗെലോട്ട് പറഞ്ഞു. രാജ്യത്തെ ജനങ്ങൺക്ക് കേന്ദ്ര സർക്കാർ മരുന്നുകൾ എത്തിക്കണമെന്നും കൊവിഡ് വാക്സിൻ വിതരണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിചേർത്തു.