ജയ്‌പൂർ : രാജസ്ഥാനില്‍ മന്ത്രിസഭ പുനസംഘടന (Rajasthan cabinet reshuffling) സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കെ അശോക് ഗെലോട്ട് (Ashok Gehlot) സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും രാജിവച്ചു (Rajasthan Ministers resigned). ശനിയാഴ്‌ച വൈകിട്ട് ഏഴ് മണിക്ക് ഗെലോട്ടിന്‍റെ അധ്യക്ഷതയിൽ മന്ത്രിസഭായോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് രാജി.
പുതിയ മന്ത്രിസഭ സംബന്ധിച്ച അന്തിമ തീരുമാനം നാളെ (നവംബർ 21) ചേരുന്ന പിസിസി (PCC) യോഗത്തിൽ കൈക്കൊള്ളുമെന്നാണ് സൂചന. ജാതി സമവാക്യങ്ങൾ എങ്ങനെ പ്രയോഗിക്കപ്പെടുമെന്നും സച്ചിൻ പൈലറ്റ് (Sachin Pilot) പക്ഷത്തിലെ ഏതൊക്കെ എംഎൽഎമാർക്കാണ് മന്ത്രിസ്ഥാനം ലഭിക്കുകയെന്നും നാളത്തെ പുനസംഘടനയിൽ വ്യക്തമാകും.
മന്ത്രിസഭ പുനസംഘടന ചർച്ച ചെയ്യാൻ അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവർ പാർട്ടി നേതൃത്വവുമായി പലതവണ ചർച്ച നടത്തിയിരുന്നു. മന്ത്രിമാരുടെ എണ്ണം നിലവിലുള്ള 21ൽ നിന്നും വർധിച്ചേക്കുമെന്നും സൂചനയുണ്ട്. ഞായറാഴ്‌ച വൈകിട്ട് നാല് മണിക്ക് രാജ്‌ഭവനില്‍ നടക്കുന്ന ചടങ്ങിൽ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.