ജയ്പൂര്‍ : രാഷ്ട്രീയ വടംവലികള്‍ക്കും ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമിടെ രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് (Ashok Gehlot) മന്ത്രിസഭയില്‍ 15 പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ കൽരാജ് മിശ്ര പുതിയ മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം മുഖ്യമന്ത്രി ഉള്‍പ്പെടെ 30 ആയി.
പുതിയ മന്ത്രിമാരില്‍ അഞ്ച് പേര്‍ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പക്ഷത്തുള്ളവരാണ്. 2020ൽ ഗെഹ്‌ലോട്ടിന്‍റെ നേതൃത്വത്തിനെതിരെ വിമത നീക്കം നടത്തിയവരില്‍ മന്ത്രിമാരും ഉള്‍പ്പെട്ടിരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കൂടി കണക്കിലെടുത്താണ് മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കുകയെന്ന് അശോക് ഗെഹ്‌ലോട്ട് അറിയിച്ചു. മന്ത്രിസഭാ പുനസംഘടനയില്‍ തൃപ്തനാണെന്ന് സച്ചില്‍ പൈലറ്റ് വ്യക്തമാക്കി.
മൂന്ന് സഹമന്ത്രമാര്‍ ക്യാബിനറ്റ് പദവിയിലേക്ക്
മംമ്ത ഭൂപേഷ്, ഭജൻ ലാൽ ജാതവ്, ടിക്കാറാം ജുല്ലി എന്നീ മന്ത്രിമാരെ സഹമന്ത്രിമാരില്‍ നിന്ന് ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിമത പ്രവര്‍ത്തനത്തിന് പുറത്താക്കിയ വിശ്വേന്ദ്ര സിംഗ്, രമേഷ് മീണ എന്നിവരും മന്ത്രിമാരായി. ഹേമരം ചൗധരി, മഹേന്ദ്രജീത് സിംഗ് മാളവ്യ, രാംലാൽ ജാട്ട്, മഹേഷ് ജോഷി, ഗോവിന്ദം മേഘ്‌വാൾ, ശകുന്ത്ല റാവത്ത് എന്നിവരും കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
സഹിദ, ബ്രിജേന്ദ്ര സിംഗ് ഓല, രാജേന്ദ്ര ഗുധ, മുരാരി ലാൽ മീണ എന്നിവർ സഹമന്ത്രിമാരായി. മുഖ്യമന്ത്രിയെ കൂടാതെ 19 കാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണുള്ളത്. ഗോവിന്ദ് സിംഗ് ദോതസ്ര, ഹരീഷ് ചൗധരി, രഘു ശർമ എന്നിവരെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കി.
മന്ത്രിസ്ഥാനം രാജിവച്ചവര്‍ക്ക് പാര്‍ട്ടിയില്‍ മുഖ്യ പദവികള്‍
ശർമക്ക് ഗുജറാത്തിന്‍റെ ചുമതല നല്‍കിയിട്ടുണ്ട്. ചൗധരിയെ പഞ്ചാബിന്റെ എഐസിസി ചുമതലയിലും നിയമിച്ചു. ദോതസ്ര രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനാണ്. ചൗധരിയും ശർമയും ക്യാബിനറ്റ് മന്ത്രിമാരും ദോതസ്ര സഹമന്ത്രിയുമായിരുന്നു. മൂവരും വെള്ളിയാഴ്ച രാജിവച്ചിരുന്നു.
Also Read: Smriti Irani | കുട്ടികൾക്കെതിരായ അതിക്രമങ്ങൾ സമ്പന്ന കുടുംബങ്ങളിലും പ്രകടമെന്ന് സ്‌മൃതി ഇറാനി
അതേസമയം മന്ത്രിപദം ആവശ്യപ്പെട്ട ചില എംഎല്‍എമാര്‍ക്ക് പാർലമെന്ററി സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്, വിവിധ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും ചെയർമാൻ സ്ഥാനങ്ങളും നല്‍കിയിട്ടുണ്ട്. പ്രതിസന്ധിയുടെ സമയത്ത് സർക്കാരിനെ പിന്തുണച്ചിരുന്ന സ്വതന്ത്രർക്കും മന്ത്രിസഭാ പുനസംഘടനയിൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ധിച്ചെന്ന് സച്ചിന്‍ പൈലറ്റ്
മന്ത്രിസഭയിൽ ദളിത്, ആദിവാസി, സ്ത്രീ പ്രാതിനിധ്യം വർധിച്ചിട്ടുണ്ടെന്നും ഇത് സ്വാഗതാർഹമാണെന്നും മുൻ ഉപമുഖ്യമന്ത്രി പൈലറ്റ് പറഞ്ഞു. മന്ത്രിമാരായി സ്ഥാനമേറ്റ ശേഷം നാല് ക്യാബിനറ്റ് മന്ത്രിമാർ ദളിത് വിഭാഗത്തിൽ നിന്നുള്ളവരാണ്. ഇവരിൽ മൂന്ന് പേർ സഹമന്ത്രിയിൽ നിന്ന് കാബിനറ്റ് റാങ്കിലേക്ക് ഉയർത്തപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാബിനറ്റ് മന്ത്രി മഹേഷ് ജോഷി ചീഫ് വിപ്പ് പദവി നല്‍കി. മുൻ കേന്ദ്രമന്ത്രി സിസ്‌റാം ഓലയുടെ മകനാണ് സഹമന്ത്രി ബ്രിജേന്ദ്ര ഓല. ബിഎസ്‌പിയില്‍ നിന്ന് കോൺഗ്രസിലേക്ക് കൂറുമാറിയ ആറ് എംഎൽഎമാരിൽ ഒരാളാണ് എംഒഎസ് രാജേന്ദ്ര ഗുധ. ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത 15 മന്ത്രിമാരിൽ ഏറ്റവും മുതിർന്ന എംഎൽഎ ഹേമരം ചൗധരിയാണ്.