ജയ്പൂര്‍ ( രാജസ്ഥാന്‍): അധികാരത്തിലിരിക്കുന്നവരെ ഓരോ അഞ്ച് വർഷവും മാറ്റി പരീക്ഷിക്കുന്നതാണ് രാജസ്ഥാന്‍റെ രാഷ്ട്രീയ മനസ്. അത്തരമൊരു രാഷ്ട്രീയ അന്തരീക്ഷത്തിന് ഇത്തവണ മാറ്റം കുറിക്കാൻ അശോക് ഗെഹ്‌ലോട്ടിനും കോൺഗ്രസിനും കഴിയുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ച. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അവസാന വട്ട ഒരുക്കം എന്ന നിലയിലാണ് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നി അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനെ വിവിധ രാഷ്ട്രീയ പാർട്ടികൾ നോക്കിക്കാണുന്നത്.
രാജസ്ഥാനില്‍ 200 അംഗ നിയമസഭയിലേക്ക് നവംബര്‍ 23 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിന് ഫലമറിയാം. നിലവില്‍ 108 സീറ്റുമായി കോണ്‍ഗ്രസ് ആണ് രാജസ്ഥാൻ ഭരിക്കുന്നത്. 70 സീറ്റുമായി ബിജെപിയാണ് രാജസ്ഥാനിലെ മുഖ്യ പ്രതിപക്ഷം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക് പ്രകാരം രാജസ്ഥാനിലെ ആകെ വോട്ടര്‍മാര്‍ അഞ്ച് കോടി ഇരുപത് ലക്ഷം ആണ്.
നാലുലക്ഷത്തി ഇരുപത്തി രണ്ടായിരം വോട്ടര്‍മാരുടെ വര്‍ദ്ധനയാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. കരട് വോട്ടര്‍പ്പട്ടിക പ്രകാരം പുരുഷ വോട്ടര്‍മാരുടെ എണ്ണം 2.70 കോടിയാണ്. സ്ത്രീ വോട്ടര്‍മാര്‍ 2.48 കോടി. പലവിധ വൈകല്യങ്ങള്‍ കാരണം ബൂത്തുകളിലെത്താന്‍ സാധിക്കാത്തവര്‍ക്ക് ഇത്തവണ വീട്ടില്‍ത്തന്നെ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. പകുതിയിലേറെ ബൂത്തുകളില്‍ വെബ് കാസ്റ്റിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനം.
2018 ല്‍ നടന്നത്: 2018ല്‍ ആള്‍വാറിലെ രാംഗഡ് സീറ്റൊഴികെ 199 അസംബ്ലി മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണിയപ്പോള്‍ 99 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭരണകക്ഷിയായിരുന്ന ബിജെപി 73 സീറ്റിലൊതുങ്ങി.
മായാവതിയുടെ ബി എസ് പി ആറ് സീറ്റ് സ്വന്തമാക്കി. മറ്റു പാര്‍ട്ടികള്‍ ചേര്‍ന്ന് 20 സീറ്റുകള്‍ കരസ്ഥമാക്കി. കേവല ഭൂരിപക്ഷത്തിന് 101 സീറ്റ് വേണമെന്നിരിക്കെ സ്വതന്ത്രരുടേയും ചെറു കക്ഷികളുടേയും പിന്തുണയോടെ കോണ്‍ഗ്രസ് ഭരണം ഉറപ്പാക്കി. നേതാവിനെ തെരഞ്ഞെടുക്കാനുള്ള മാരത്തോണ്‍ ചര്‍ച്ചകളാണ് പിന്നീട് കണ്ടത്.
കോണ്‍ഗ്രസ് പ്രസിഡന്‍റായിരുന്ന രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവര്‍ പങ്കാളികളായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭരണം നയിക്കാന്‍ നറുക്കു വീണത് മുതിർന്ന നേതാവായ അശോക് ഗെഹ്‌ലോട്ടിന്. ഏകകണ്ഠമായി നേതാവിനെ തെരഞ്ഞെടുത്തത് രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷമാക്കി. ബി എസ് പിയും സ്വതന്ത്രരും പിന്തുണ അറിയിച്ചതോടെ അശോക് ഗെഹ്‌ലോട്ട് സർക്കാരിന് ഭൂരിപക്ഷം സംബന്ധിച്ച ആശങ്കകൾ അകന്നു.
ബിഎസ്‌പി ലയനം: 2019 സെപ്റ്റംബറില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ആറ് എംഎല്‍ എ മാരും കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചു. കുറച്ചധികം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം ഇവര്‍ ബി എസ് പി നിയമസഭാ കക്ഷി ഒന്നടങ്കം കോണ്‍ഗ്രസില്‍ ലയിക്കുന്നതായി കാണിച്ച് സ്പീക്കര്‍ സിപി ജോഷിക്ക് കത്ത് നല്‍കി. ഇത് കോണ്‍ഗ്രസ് സര്‍ക്കാരിനെ കൂടുതല്‍ കരുത്തുറ്റതാക്കി.
പോരടിച്ച് പൈലറ്റ്: കോൺഗ്രസ് സർക്കാർ അധികാരമേറ്റ് ഏറെക്കഴിയുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസില്‍ പാളയത്തില്‍ പട തുടങ്ങി. 2020 ജൂലൈയില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ അനുകൂലിക്കുന്ന 19 എംഎല്‍എമാര്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം തേടി ഡല്‍ഹിയിലെത്തി. അശോക് ഗെഹ്‌ലോട്ടുമായുള്ള അഭിപ്രായ ഭിന്നതയും തര്‍ക്കങ്ങളും മൂര്‍ഛിച്ചതിനിടയില്‍ തനിക്ക് 30 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടു.
കോണ്‍ഗ്രസ് ഹൈക്കമാൻഡ് അനുരഞ്ജന ചര്‍ച്ചകള്‍ തുടങ്ങി. രാഹുലും പ്രിയങ്കയും സച്ചിനുമായി നടത്തിയ ചര്‍ച്ചകള്‍ സംഘര്‍ഷത്തിന് അയവു വരുത്തി. ഗെഹ്‌ലോട്ടും സച്ചിനും വീണ്ടും ഒരുമിച്ച് നീങ്ങാന്‍ തീരുമാനമായി. രാജസ്ഥാന്‍ കോണ്‍ഗ്രസിലും അത് ആശ്വാസ വാര്‍ത്തയായി. 2020 ആഗസ്ത് 14ന് രാജസ്ഥാന്‍ അസംബ്ലിയില്‍ അശോക് ഗെഹ്‌ലോട്ട്സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി.
അടി തുടരുന്നു: നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അകലെ നില്‍ക്കേ വീണ്ടും രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമായി. ഇത്തവണ സംസ്ഥാന ഘടകത്തിന് പുതിയ നേതൃത്വത്തെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പല മുതിര്‍ന്ന നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. ചില എംഎല്‍എമാര്‍ രാജി ഭീഷണി മുഴക്കി. ഏതാണ്ട് ഇതേ സമയത്തായിരുന്നു അശോക് ഗെഹ്‌ലോട്ട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് നോമിനേഷന്‍ കൊടുക്കാന്‍ ഒരുങ്ങിയത്.
2022 സെപ്റ്റംബര്‍ 25ന് രാത്രി തികച്ചും അപ്രതീക്ഷിതമായ ഒരു രാഷ്ട്രീയ നീക്കത്തിന് ജയ്പൂര്‍ സാക്ഷ്യം വഹിച്ചു. ഗെഹ്‌ലോട്ടിനെ പിന്തുണയ്ക്കുന്ന 82 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്പീക്കര്‍ സിപി ജോഷിയെ കണ്ട് രാജി നല്‍കി. സ്പീക്കര്‍ രാജി സ്വീകരിച്ചില്ലെങ്കിലും കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായി. എംഎല്‍എമാരുടെ മനസ്സറിയാന്‍ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് രാജസ്ഥാനിലേക്കയച്ചു.
സെപ്റ്റംബര്‍ 29 ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് മല്‍സരിക്കേണ്ടെന്ന് ഗെഹ്‌ലോട്ട് തീരുമാനിച്ചു. സോണിയ ഗാന്ധിയുമായുള്ള നിര്‍ണ്ണായക ചര്‍ച്ചയിലാണ് അനുനയത്തിന് രാജസ്ഥാൻ മുഖ്യമന്ത്രി വഴങ്ങിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി തുടരുന്നതിന് പുറമേ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ കോൺഗ്രസ് പാര്‍ട്ടിയെ നയിക്കുന്നത് താനായിരിക്കുമെന്ന ഉറപ്പും കൂടി ഗെഹ്‌ലോട്ട് നേടിയെടുത്തു.
അതിനു ശേഷം കേന്ദ്ര നേതൃത്വവുമായും സംസ്ഥാന നേതൃത്വവുമായും പരസ്യയുദ്ധത്തിനില്ലെന്ന നിലപാടാണ് സച്ചിൻ പൈലറ്റും സ്വീകരിച്ചത്. എന്നാല്‍ മണിപ്പൂരിലെ ലൈംഗികാതിക്രമങ്ങളെ രാജസ്ഥാനിലെ സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങളുമായി താരതമ്യം ചെയ്‌ത കോൺഗ്രസ് നേതാവും മന്ത്രിയുമായ രാജേന്ദ്ര സിങ് ഗുധയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാനുണ്ടായ സാഹചര്യം കോൺഗ്രസിന് സംസ്ഥാനത്ത് രാഷ്ട്രീയമായ ക്ഷീണം വരുത്തി വെച്ചിരുന്നു. നേരത്തെ ബിഎസ്‌പി എംഎല്‍എയായിരുന്ന ഗുധ പിന്നീട് കോൺഗ്രസില്‍ ചേരുകയായിരുന്നു.
മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയപ്പോൾ ഗെഹ്‌ലോട്ട് സർക്കാരിന്‍റെ അനധികൃത സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയ "ചുവന്ന ഡയറി" തന്‍റെ കൈവശം ഉണ്ടെന്ന് ഗുധ അവകാശപ്പെട്ടിരുന്നു. രാജേന്ദ്ര സിങ് ഗുധ പിന്നീട് ശിവസേന ഏക്‌നാഥ് ഷിൻഡെ വിഭാഗത്തില്‍ ചേരുകയാണുണ്ടായത്.
ഒന്നിച്ച് പിടിക്കാൻ ബിജെപി: കഴിഞ്ഞ തവണ നഷ്‌ടമായ രാജസ്ഥാൻ എന്ത് വിലകൊടുത്തും തിരികെ പിടിക്കാനാണ് ബിജെപി ശ്രമം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് എന്നിവരുടെ നേതൃത്വത്തില്‍ എംഎല്‍എമാർ, എംപിമാർ എന്നിവരെയെല്ലാം രംഗത്തിറക്കി പ്രസ്റ്റീജ് സംസ്ഥാനമായ രാജസ്ഥാൻ പിടിക്കാനാണ് ബിജെപി നീക്കം. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, സ്‌പീക്കർ സിപി ജോഷി എന്നിവരുടെ സിറ്റിങ് സീറ്റുകളില്‍ അടക്കം ശക്തമായ മത്സരം കാഴ്‌ചവെക്കാൻ തന്നെയാണ് ബിജെപി ശ്രമിക്കുന്നത്.
പ്രധാന വിഷയങ്ങള്‍: തൊഴിലില്ലായ്മ, കുറ്റ കൃത്യങ്ങളിലെ വർധന, അടുത്തിടെ സര്‍ക്കാര്‍ പാസ്സാക്കിയ ആരോഗ്യ അവകാശ ബില്‍ എന്നിവ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മുഖ്യ വിഷയങ്ങളാകും. സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയും സ്ത്രീ പീഡന മാനഭംഗക്കേസുകള്‍ വലിയ തോതില്‍ ഉയരുന്നതും സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ആയുധങ്ങളായി ബിജെപി ഇതിനകം തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. വികസന നേട്ടങ്ങളും ആരോഗ്യ പദ്ധതിയും ഉയര്‍ത്തിക്കാട്ടി ഗെഹ്‌ലോട്ടിന് പ്രതിപക്ഷ ആക്രമണത്തെ ചെറുക്കാനാകുമോ എന്നാണ് അറിയാനുള്ളത്.
ചിരഞ്ജീവി യോജന എന്ന പേരില്‍ 10 ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് ജനപിന്തുണയുള്ളത്, മന്ത്രിമാരും എംഎല്‍എമാരും ഭരണ വിരുദ്ധ തരംഗത്തിലാണെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ സർവേയില്‍ വ്യക്തമായതെന്ന് ദേശീയ മാധ്യമം അടുത്തിെട റിപ്പോർട്ട് ചെയ്‌തിരുന്നു.
താഴേത്തലം വരെയുള്ള സംഘടന സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട് കോണ്‍ഗ്രസും ബിജെപിയും രാജസ്ഥാനില്‍ നേര്‍ക്കു നേര്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ്. മോദിയെ മുന്‍ നിര്‍ത്തിത്തന്നെയാകും ബിജെപി രാജസ്ഥാനില്‍ തെരഞ്ഞെടുപ്പിനെ നേരിടുക. മറു വശത്ത് കോണ്‍ഗ്രസിന് അശോക് ഗെഹ്‌ലോട്ട് മാത്രമാണ് നേതാവ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി രാജസ്ഥാനില്‍ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്.
പുറമെ പ്രകടമായ തെരഞ്ഞെടുപ്പ് ചിത്രം ഇതാണെങ്കിലും അടിയൊഴുക്കുകള്‍ പ്രവചനാതീതമാണ്. ഇരു പര്‍ട്ടികളിലേയും വിമതര്‍ തെരഞ്ഞെടുപ്പ് വേളയില്‍ ഏതു തരത്തില്‍ ചിന്തിക്കുമെന്നത് പ്രധാനമാണ്. ഇതിനനുസരിച്ചായിരിക്കും രാജസ്ഥാനിലെ അന്തിമ വിധിയെഴുത്ത്.