ന്യൂഡല്‍ഹി: വന്ദേ ഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ ഏസി ചെയര്‍കാര്‍, എക്‌സ്ക്യൂട്ടീവ് ക്ലാസ് എന്നിവയുടെ ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ കുറയ്‌ക്കുമെന്ന് റെയില്‍വേ ബോര്‍ഡ് അറിയിച്ചു. അനുഭൂതി, വിസ്റ്റാഡോം കോച്ചുകള്‍ ഉള്‍പ്പെടെ ഏസി സിറ്റിങ് സൗകര്യമുള്ള മുഴുവന്‍ ട്രെയിനുകള്‍ക്കും ഇത് ബാധകമായിരിക്കും. സൂപ്പര്‍ ഫാസ്റ്റ് സര്‍ചാര്‍ജ്, റിസര്‍വേഷന്‍ ചാര്‍ജ്, ജിഎസ്‌ടി എന്നിവയുടെ ബാധകമായ മറ്റ് നിരക്കുകള്‍ ഈടാക്കും.
ഒരു മാസത്തിനുള്ളില്‍ കുറയ്‌ക്കുന്ന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നും റയില്‍വേ അറിയിച്ചു. എന്നാല്‍ ഇതിനകം ബുക്ക് ചെയ്‌ത യാത്രക്കാര്‍ക്ക് റീഫണ്ടിങ് അനുവദിക്കില്ലെന്നും അവധിക്കാല, ഉത്സവ കാല സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് ഇത് ബാധകമല്ലെന്നും റെയില്‍വേ അറിയിച്ചു. ഒരു വര്‍ഷം വരെ നിരക്ക് ഇതേ രീതിയില്‍ തുടരും. നിലവിലെ തീരുമാനം വന്ദേ ഭാരത് യാത്രികര്‍ക്ക് ഏറെ പ്രയോജനകരമാകും.
ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റയില്‍വേ: കര്‍ക്കടക മാസത്തില്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ആളുകളുടെയെണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഈ മാസത്തില്‍ ഭക്തര്‍ക്ക് തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ ടൂറിസം ആന്‍ഡ് കാറ്ററിങ് (ഐആര്‍സിടിസി).
സര്‍ക്കാറിന്‍റെ 'ദോഖോ ഭാരത് ശ്രേഷ്‌ഠ ഭാരത്' എന്നീ ആശയങ്ങള്‍ പ്രേത്സാഹിപ്പിക്കുന്നതിനാണ് പദ്ധതിയ്‌ക്ക് തുടക്കം കുറിക്കുന്നത്. ഇന്ത്യയിലെ വിവിധ പുണ്യസ്ഥലങ്ങളിലൂടെ 11 രാത്രിയും 112 പകലുമാണ് യാത്രയുണ്ടാകുക. ജൂലൈ 20ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും സര്‍വീസ് ആരംഭിക്കും.
വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ജൂലൈ 31ന് ട്രെയിന്‍ തിരികെയെത്തും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ ട്രെയിനാണ് സര്‍വീസ് നടത്തുക. യാത്രക്കിടയിലെ ഭക്ഷണവും താമസവുമെല്ലാം യാത്ര ട്രെയിന്‍ ടിക്കറ്റില്‍ ഉള്‍പ്പെടും. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ ക്ഷേത്രങ്ങളിലോ മറ്റോ നടത്തുന്ന പൂജകള്‍ക്കോ ഉള്ള ചെലവുകള്‍ സ്വയം വഹിക്കണം.
വേദ കാലഘട്ടം മുതലുള്ള ചരിത്രം പേറുന്ന നിരവധി തീർഥാടന കേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും യാത്രയിൽ സന്ദർശിക്കാൻ സൗകര്യമുണ്ട്. ജ്യോതിർ ലിംഗങ്ങളിലെ ഏക സ്വയംഭൂലിംഗമായ ദ്വാദശ ജ്യോതിർ ലിംഗങ്ങളിൽപ്പെടുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം, നർമദ നദിയിൽ ശിവപുരി ദ്വീപിൽ സ്ഥിതി ചെയ്യുന്ന ജ്യോതിർ ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഓംകാരേശ്വർ ക്ഷേത്രം എന്നിവയും ഗംഗ നദിയിലെ ആരതിയും ഹിമാലയത്തിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ഋഷികേശിലെ ക്ഷേത്രങ്ങളും അവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ രാം ഝൂല എന്നിവിടങ്ങളും സന്ദര്‍ശിക്കാം.