കോലാർ/കർണാടക : പാസഞ്ചര്‍ ട്രെയിന്‍ സിഗ്നല്‍ തകരാറുമൂലം നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് ഇറങ്ങി തൊട്ടടുത്ത ട്രാക്കില്‍ നിന്ന യുവാവ് ശതാബ്ദി സൂപ്പര്‍ ഫാസ്റ്റ് ഇടിച്ച് മരിച്ചു. കോലാറിലെ തെക്കൽ റെയിൽവേ സ്റ്റേഷനിലാണ് നടുക്കുന്ന സംഭവം.ബംഗാരപേട്ട സ്വദേശി ഷബാസ് അഹമ്മദ് മരിച്ചത്.
ബെംഗളൂരു- മാരിക്കുപ്പം സ്വർണ പാസഞ്ചർ സിഗ്നൽ തകരാർ മൂലം തെക്കൽ റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടെ പാസഞ്ചർ യാത്രക്കാർ സിഗ്‌നൽ മാറുന്നതും കാത്ത് ട്രെയിനിൽ നിന്ന് റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങിനിന്നു.
പൊടുന്നനെയാണ് തൊട്ടടുത്ത ട്രാക്കിലൂടെ ശതാബ്ദി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് കുതിച്ചെത്തിയത്. ഇത് കണ്ട് റെയിൽവേ ട്രാക്കിൽ നിന്നവർ ചിതറിയോടിയെങ്കിലും ഷബാസ് അഹമ്മദിന് മാറാനായില്ല. ട്രെയിൻ ഇടിച്ച് ഷബാസ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ALSO READ: പെണ്‍കുട്ടിക്കുനേരെ സ്വകാര്യ ബസില്‍ അതിക്രമം ; ഗുണ്ടാനേതാവ് സൂര്യനും കൂട്ടാളിയും അറസ്റ്റില്‍
പല യാത്രക്കാരും തലനാരിഴയ്‌ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സ്റ്റേഷൻ മാസ്റ്ററുടെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാരുടെ ആരോപണം. കന്‍റോൺമെന്‍റ് പൊലീസ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു.