ഹവേരി(കര്‍ണാടക): കേന്ദ്രം ഭരണകക്ഷിയായ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സ്വകാര്യവത്‌കരണത്തെ കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ സര്‍ക്കാര്‍ ജോലികളുടെ എണ്ണം വെട്ടിക്കുറയ്‌ക്കുകയും ചെയ്‌തുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കര്‍ണാടകയിലെ ഹവായി ജില്ലയില്‍ വച്ച് നടന്ന ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയാണ് രാഹുല്‍ കേന്ദ്രസര്‍ക്കാരിനോടുള്ള തന്‍റെ അമര്‍ഷം പ്രകടമാക്കിയത്.
അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്‌മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ആയുധമാക്കിയാണ് രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സര്‍ക്കാര്‍ കമ്പനികള്‍ ഒന്നൊന്നായി സ്വകാര്യവത്‌കരിക്കുകയാണെന്നും ഇതിന്‍റെ ഫലമായി സര്‍ക്കാര്‍ ജോലികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്നും രാഹുല്‍ ആരോപിച്ചു.
മോദിയുടെ വാഗ്‌ദാനം വൃഥാവില്‍: 'നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോള്‍ എല്ലാ വര്‍ഷവും രണ്ട് കോടി യുവാക്കള്‍ക്ക് വീതം തൊഴില്‍ നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ രാജ്യത്ത് തൊഴിലില്ലായ്‌മ ഏറ്റവും ഉയര്‍ന്നത് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോഴായിരുന്നു'. ആരോഗ്യമേഖലയിലാണെങ്കിലും വിദ്യാഭ്യാസ രംഗത്ത് ആണെങ്കിലും കൂടുതല്‍ സ്ഥാപനങ്ങള്‍ നിര്‍മിക്കേണ്ടതിന് പകരം സര്‍ക്കാര്‍ അവയെല്ലാം സ്വകാര്യവത്‌കരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
'ഞങ്ങള്‍ക്ക് ഇത്തരത്തിലൊരു ഹിന്ദുസ്ഥാനല്ല വേണ്ടത്. തൊഴിലില്ലായ്‌മ രൂക്ഷമായ ഒരു ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ട. ദാരിദ്ര്യമുള്ള ഒരു ഇന്ത്യ ഞങ്ങള്‍ക്ക് വേണ്ട, ഞങ്ങള്‍ക്ക് ആവശ്യം നീതിയാണ്'- അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 224ല്‍ 150 സീറ്റെങ്കിലും കോണ്‍ഗ്രസിന് നല്‍കണമെന്ന് രാഹുല്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് 40 സീറ്റില്‍ കൂടുതല്‍ ബിജെപിയ്‌ക്ക് നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍ കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ അഴിമതിയില്‍ ഏര്‍പ്പെടാതിരുന്നതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ ബസവരാജ് ബൊമ്മെ നയിക്കുന്ന ബിജെപി ഭരണകക്ഷി അദ്ദേഹത്തിന് ഒരു സീറ്റ് പോലും നല്‍കിയില്ല.
രാഹുല്‍ ഷെട്ടാര്‍ അഴിമതിയ്‌ക്ക് കൂട്ടു നിന്നില്ല: ഇതേതുടര്‍ന്നാണ് അദ്ദേഹം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. നേരത്തെ ബെലഗാവി ജില്ലയിലെ കരിമ്പ് കര്‍ഷകരുമായി നടത്തിയ ആശയവിനിമയത്തില്‍ ഇന്ത്യയുടെ പുരോഗതി കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യവസായങ്ങളുടെയും പുരോഗതിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെയും രാജ്യത്തുടനീളമുള്ള കര്‍ഷകരുമായുള്ള സംവാദങ്ങളില്‍ നിന്നും അഴിമതി നിറഞ്ഞ ബിജെപി ഭരണം അവര്‍ക്ക് നല്‍കിയ പരീക്ഷണങ്ങളെക്കുറിച്ച് മനസിലാക്കുവാന്‍ സാധിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
കർഷകരെയും ചെറുകിട കച്ചവടക്കാരെയും സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യണം. ബിജെപിയുടെ ജിഎസ്‌ടി പോലുള്ള വികലമായ നയങ്ങൾ ഉപയോഗിച്ച് അവരെ ആക്രമിക്കരുത്. എല്ലാവരുടെയും അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കാന്‍ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു മാറ്റത്തിന് കര്‍ണാടക ഒരുങ്ങിക്കഴിഞ്ഞുവെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മോദി അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് പട്‌ന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മെയ് മാസം പകുതിയോടെ കോടതി കേസിലെ അടുത്ത വാദം കേള്‍ക്കും. ജസ്‌റ്റിസ് സന്ദീപ് കുമാര്‍ ഇന്ന് വാദം കേള്‍ക്കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു പട്‌ന ഹൈക്കോടതിക്ക് മുമ്പാകെ അപ്പീല്‍ സമര്‍പ്പിച്ചത്.