ന്യൂഡൽഹി: ഇന്ത്യയിൽ ഓക്സിജൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെ സഹായിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. പ്രതിദിനം കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ആളുകൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു നൽകാൻ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെടുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ പ്രതിസന്ധിയിൽ രാജ്യത്തിന് ഉത്തരവാദിത്തമുള്ള പൗരന്മാരെയാണ് ആവശ്യം. അതിനാൽ "ജൻ കി ബാത്ത്" ചെയ്യേണ്ടത് പ്രധാനമാണ്. ഇത് കോൺഗ്രസ് പാർട്ടിയുടെ ധർമ്മമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,49,691 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് 2,767 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. വൈറസ് ബാധിച്ച് 1,92,311 പേർ മരിച്ചു.