ന്യൂഡല്‍ഹി : മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസിനെ തുടര്‍ന്ന് നഷ്‌ടമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചു. ലോക്‌സഭ സെക്രട്ടേറിയറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി. 134 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എംപി പദവി തിരികെ കിട്ടുന്നത്.
എംപി സ്ഥാനം പുനഃസ്ഥാപിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയതോടെ ഇന്ന് (ഓഗസ്റ്റ് 7) കേന്ദ്ര സര്‍ക്കാരിനെതിരായി നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തേക്കുമെന്നാണ് സൂചന. അതേസമയം എംപി സ്ഥാനം പുനഃസ്ഥാപിച്ചതോടെ എഐസിസി ആസ്ഥാനത്തും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനങ്ങള്‍ ആരംഭിച്ചു.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്‌തതിന്‍റെ പശ്ചാത്തലത്തിലാണ് നഷ്‌ടമായ വയനാട് എംപി സ്ഥാനം തരികെ ലഭിക്കുന്നത്. സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്‌തിട്ടും രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിക്കുന്നത് വൈകുകയാണെങ്കില്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണനയില്‍ ഉണ്ടായിരുന്നു. ഒപ്പം ഇരു സഭകളിലും ഇത് സംബന്ധിച്ച് പ്രതിഷേധം സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു.
2019ല്‍ കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമാണ് വിവാദമായത്. നീരവ് മോദിയേയും ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരാമര്‍ശിച്ച് നടത്തിയ പ്രസ്‌താവനയാണ് അപകീര്‍ത്തി കേസിലേക്ക് നയിച്ചത്. കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന് പേരുണ്ടായത് എങ്ങനെ എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. ഇത് മോദി വിഭാഗത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കേസുകൊടുത്തത്.
മാര്‍ച്ച് 23ന് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. തൊട്ടടുത്ത ദിവസം തന്നെ എംപി സ്ഥാനത്തുനിന്നും രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. തന്‍റെ പരാമര്‍ശം വ്യക്തികള്‍ക്കെതിരെ മാത്രമാണെന്നും സമൂഹത്തിനെതിരല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.
സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയാണുണ്ടായത്. പിന്നാലെയാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. ഓഗസ്റ്റ് 4ന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിചാരണ കോടതി വിധി സ്റ്റേ ചെയ്യുകയായിരുന്നു.