ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ ഗാന്ധി എം.പിയ്‌ക്ക് ഇ.ഡിയുടെ നോട്ടിസ്. ജൂൺ 13 ന് എത്തണമെന്നാണ് നിര്‍ദേശം. ജൂൺ രണ്ടിന് ഹാജരാകാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും രാജ്യത്തിന് പുറത്തായതിനാൽ രാഹുല്‍, പുതിയ തിയതി തേടിയിരുന്നു.
സെൻട്രൽ ഡൽഹിയിലെ ഏജൻസിയുടെ ആസ്ഥാനത്ത് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയതെന്ന് ഇ.ഡി ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് ജൂൺ എട്ടിന് മൊഴിയെടുക്കാൻ എത്താനും നോട്ടിസ് നല്‍കിയിട്ടുണ്ട്.
ALSO READ| നാഷണല്‍ ഹെറാള്‍ഡ് കേസ് ഒക്ടോബര്‍ 21ലേക്ക് മാറ്റി
സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ 2012ല്‍ ആണ് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി കേസ് ഫയല്‍ ചെയ്‌തത്. കോടിക്കണക്കിന് രൂപയുടെ സ്വത്തുള്ള എ.ജെ.എൽ എന്ന കമ്പനിയെ നാഷണൽ ഹെറാൾഡ് പത്രത്തിന്‍റെ ഉടമസ്ഥതയില്‍ യങ് ഇന്ത്യ എന്നൊരു കമ്പനി രൂപീകരിച്ച് സോണിയ ഗാന്ധിയും സംഘവും സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം.
സോണിയയ്‌ക്ക് കൊവിഡ്, ഹാജരാകും : കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ) ക്രിമിനൽ വകുപ്പുകൾ പ്രകാരം രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മൊഴി രേഖപ്പെടുത്താനാണ് ഏജൻസി തീരുമാനമെന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കൊവിഡ് രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്.
സോണിയ ക്വാറന്‍റൈനിലാണെന്ന് കോണ്‍ഗ്രസ് വക്‌താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. 1.06.2022 ന് സോണിയ ഗാന്ധിക്ക് ചെറിയ പനി അനുഭവപ്പെട്ടെന്നും രണ്ടാം തിയതി രാവിലെ നടന്ന കൊവിഡ് പരിശോധനയില്‍ പോസിറ്റാവായെന്നും സുര്‍ജേവാല പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നേരത്തെ അറിയിച്ചതുപോലെ തന്നെ ജൂണ്‍ എട്ടിന് കോണ്‍ഗ്രസ് അധ്യക്ഷ ഹാജരാവുമെന്നാണ് വിവരം.