ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഒരിക്കലും ഭാവിയെക്കുറിച്ച് സംസാരിക്കാറില്ലെന്നും അവർക്ക് സംഭവിച്ച പരാജയങ്ങൾക്ക് എല്ലായ്‌പ്പോഴും മറ്റാരെയെങ്കിലും കുറ്റപ്പെടുത്തുകയാണ് പതിവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഎസ് സന്ദർശനത്തിനിടെ ജാവിറ്റ്സ് സെന്‍ററിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് പരിപാടിയിൽ പങ്കെടുത്തവർ ഒരു മിനിറ്റ് മൗനപ്രാർഥയും നടത്തി.
അപകടത്തിൽ റെയിൽവേ സുരക്ഷയുടെ പ്രശ്‌നവും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വിഷയത്തിൽ റെയിവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജി വയ്‌ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ സംഭവിച്ച ട്രെയിൻ അപകടവും തുടർന്ന് കോൺഗ്രസ് മന്ത്രി രാജി വച്ചതിനെ കുറിച്ചും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ഒരു ട്രെയിൻ അപകടം സംഭവിച്ചത് ഓർക്കുന്നു. അന്ന് അപകടമുണ്ടായതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോൺഗ്രസ് മന്ത്രി രാജിവക്കുകയാണ് ചെയ്‌തതെന്നും രാഹുൽ ഗാന്ധി ഓർമപ്പെടുത്തി. ഭാവിയിലേക്ക് നോക്കാൻ ബിജെപിക്കും ആർഎസ്എസിനും കഴിവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയും മറ്റ് ബിജെപി മന്ത്രിമാരും പറയുന്നത് ശ്രദ്ധിച്ചാൽ മനസിലാകും. അവർ ഭാവിയെക്കുറിച്ച് സംസാരിക്കുന്നത് ഒരിക്കലും കേൾക്കാൻ കഴിയില്ല. അവർ ഭൂതകാലത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഭൂതകാലത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്‍റെ പേരിൽ മറ്റാരെയെങ്കിലും കുറ്റപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഒന്ന് കോൺഗ്രസും മറ്റൊന്ന് ബിജെപിയും ആർഎസ്എസും. ഒരു വശത്ത് മഹാത്മാഗാന്ധിയും മറുവശത്ത് നാഥുറാം ഗോഡ്‌സെയുമുണ്ടെന്നതാണ് ഈ പോരാട്ടത്തെ വിവരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കേന്ദ്ര റെയിൽവേ മന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ : ബാലസോർ ട്രെയിൻ അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ റെയിൽവേ അപകടമാണിതെന്നും കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിഷയത്തിൽ പ്രതികരിച്ചത്. കോറോമണ്ഡൽ മികച്ച എക്‌സ്‌പ്രസ് ട്രെയിനുകളിൽ ഒന്നാണെന്നും അപകടം സംഭവിക്കുമ്പോൾ ട്രെയിനിൽ കവച് സംവിധാനം ഉണ്ടായിരുന്നില്ലെന്നും മമത വ്യക്തമാക്കി. കവച് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
അപകടത്തിന് കാരണമായത് സിഗ്നലിങ് സംവിധാനം തകരാറിലായതാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ആദ്യമായി സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മാത്രമല്ല തിരക്കേറിയ റൂട്ടില്‍ അപകടം ഒഴിവാക്കാന്‍ ബജറ്റിലും അല്ലാതെയും കൊട്ടിഘോഷിച്ച കവച് സംവിധാനം എന്തുകൊണ്ട് സ്ഥാപിച്ചില്ല എന്നും ചോദ്യമുന്നയിച്ചിരുന്നു.
Also read : പ്രതിസ്ഥാനത്ത് 'സിഗ്നലും കവചും' മാത്രമോ?; ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ വേറിട്ട വിശദീകരണങ്ങളെത്തുമ്പോള്‍
അതേസമയം, ബാലസോർ ട്രെയിൻ ദുരന്തത്തിന് കവചുമായി ബന്ധമില്ലെന്നും ഇലക്‌ട്രോണിക് ഇന്‍റർലോക്കിങ്ങിലെ മാറ്റമാണ് അപകടത്തിന് കാരണമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രതികരിച്ചു.