ഖമ്മം: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനെതിരെ (കെസിആര്‍) രൂക്ഷ വിമർശനവുമായി കോൺഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി. കെസിആര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കയ്യിലെ കളിപ്പാവയാണ്. ബിആർഎസ് എന്നാല്‍, 'ബിജെപി റിഷ്‌ടേദാര്‍ (ബന്ധു) സമിതി' ആണെന്നും രാഹുൽ ഗാന്ധി ഖമ്മത്ത് നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു.
'കെസിആറിനും അദ്ദേഹത്തിന്‍റെ പാർട്ടി നേതാക്കൾക്കും എതിരെ നിരവധി അഴിമതി ആരോപണങ്ങളാണുള്ളത്. ഈ സാഹചര്യത്തിലാണ് ബിആര്‍എസ്, ബിജെപിക്ക് വിധേയരായി മാറിയത്. ഇക്കാരണം കൊണ്ടുതന്നെ ബിആർഎസ് ഉൾപ്പെട്ട ഒരു പ്രതിപക്ഷ മുന്നണിയിലും കോൺഗ്രസ് ചേരില്ല. മറ്റെല്ലാ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളോടും ഞാൻ ഇക്കാര്യം പറയാന്‍ ഉറപ്പിച്ചിട്ടുണ്ട്.' - രാഹുല്‍ തന്‍റെ പ്രസംഗത്തില്‍ ആരോപിച്ചു.
ബിആർഎസ് എന്നത് ബിജെപി റിഷ്‌ടേദാര്‍ (ബന്ധു) സമിതിയാണ്. കെസിആർ താൻ ഒരു രാജാവാണെന്നാണ് കരുതുന്നത്. പുറമെ, തെലങ്കാന തന്‍റെ സാമ്രാജ്യമാണെന്നും അദ്ദേഹം വിചാരിക്കുന്നു. കോൺഗ്രസ് എല്ലായ്‌പ്പോഴും ബിജെപിക്കെതിരെ പാർലമെന്‍റില്‍ ശക്തമായി തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ, റാവുവിന്‍റെ പാർട്ടി ബിജെപിയുടെ ബി ടീം ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയെ റിമോട്ട് കൺട്രോളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയന്ത്രിക്കുന്ന സാഹചര്യമാണുള്ളത്.
അഴിമതികൊണ്ട് നിറഞ്ഞതും പാവപ്പെട്ടവര്‍ക്കെതിരായി പ്രവര്‍ത്തിക്കുകയും ചെയ്‌ത ഒരു സർക്കാരിനെതിരായ പോരാട്ടമാണ് കര്‍ണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി നടത്തിയത്. കർണാടകയിൽ പാവപ്പെട്ടവരുടെയും ഒബിസിയിലും ന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെട്ട വിഭാഗങ്ങളിലെ ആളുകളുടെയും പിന്തുണയോടെയാണ് തങ്ങൾ അവരെ പരാജയപ്പെടുത്തിയത്.
കര്‍ണാടകയില്‍ സംഭവിച്ചതുപോലെ സമാനമായ ചിലത് തെലങ്കാനയിലും നടക്കാന്‍ പോവുന്നുണ്ട്. ഒരു വശത്ത് സംസ്ഥാനത്തെ സമ്പന്നരും ശക്തരുമായിരിക്കും. മറുവശത്ത്, ദരിദ്രരും ആദിവാസികളും ന്യൂനപക്ഷങ്ങളും കർഷകരും ചെറുകിട കച്ചവടക്കാരും ഉള്‍പ്പെടുന്നവരും. രണ്ടാമത്തെ കൂട്ടര്‍ തങ്ങളോടൊപ്പമാണ് നില്‍ക്കുക. കർണാടകയിൽ എന്താണോ സംഭവിച്ചത്, ഇത് തന്നെ തെലങ്കാനയിലും ആവർത്തിക്കുമെന്നും രാഹുല്‍ ഖമ്മത്ത് പറഞ്ഞു.
ബിആര്‍എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍; കെസിആറിന് തിരിച്ചടി: കർണാടകയിലെ ഉജ്വല വിജയത്തിന് ശേഷം തെലങ്കാന പിടിക്കാനുള്ള സജീവ നീക്കത്തിലാണ് കോൺഗ്രസ്. ഇതിന്‍റെ ഭാഗമായി തെലങ്കാന ഭരിക്കുന്ന ഭാരത് രാഷ്‌ട്ര സമിതിയില്‍ (ബിആർഎസ്) നിന്ന് നിരവധി പ്രധാന നേതാക്കളെയാണ് കോണ്‍ഗ്രസ് സ്വന്തം തട്ടകത്തില്‍ എത്തിച്ചത്. തെലങ്കാന മുൻ മന്ത്രി ജുപള്ളി കൃഷ്‌ണ റാവു, മുൻ എംപി പൊംഗുലേട്ടി ശ്രീനിവാസ് റെഡ്ഡി ഉള്‍പ്പെടെയുള്ള ബിആർഎസ് നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ജൂണ്‍ 26ന് ഡൽഹി എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി എന്നിവര്‍ മുന്‍ ബിആര്‍എസ് നേതാക്കളെ അംഗത്വം നല്‍കി സ്വീകരിച്ചു. ബിആര്‍എസ് നേതാക്കള്‍ പാര്‍ട്ടിയില്‍ എത്തിയതോടെ ആകെയുള്ള 119 നിയമസഭ സീറ്റുകളിൽ 80 എണ്ണമെങ്കിലും നേടാനാണ് സംസ്ഥാന കമ്മിറ്റിക്ക് ഖാർഗെ നല്‍കിയ നിര്‍ദേശം.