ഹോഷിയാർപൂർ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രൂക്ഷവിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബിനെ, ആ സംസ്ഥാനത്ത് നിന്നുതന്നെ നയിക്കണം. ഡൽഹിയിൽ നിന്നും കെജ്‌രിവാളിന്‍റെ നിയന്ത്രണത്തിലാവരുത് ഭരണമെന്നും അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള സമ്മേളനത്തെ പഞ്ചാബിലെ ഹോഷിയാർപൂരില്‍ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ ഗാന്ധി മന്നിനെതിരെ തിരിഞ്ഞത്.
'എനിക്ക് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനോട് കുറച്ചുകാര്യങ്ങള്‍ ആവശ്യപ്പെടാനുണ്ട്. നിങ്ങൾ പഞ്ചാബിന്‍റെ മുഖ്യമന്ത്രിയാണ്. അതുകൊണ്ട് പഞ്ചാബിനെ ഈ നാട്ടില്‍ നിന്നുകൊണ്ട് തന്നെ ഭരിക്കണം. അരവിന്ദ് കെജ്‌രിവാളിന്‍റേയും ഡല്‍ഹിയുടേയും സമ്മർദ്ദത്തിന് വിധേയനാകരുത്. നിങ്ങൾ ആരുടേയും കളിപ്പാവയാവാതെ സ്വതന്ത്രമായി പ്രവർത്തിക്കണം'. - രാഹുല്‍ പഞ്ചാബ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹിയില്‍ നിന്നാണ് പഞ്ചാബ് സർക്കാരിന്‍റെ എല്ലാ സുപ്രധാന തീരുമാനങ്ങളുമെടുക്കുന്നതെന്ന പ്രതിപക്ഷ ആരോപണം സംസ്ഥാനത്ത് രൂക്ഷമാണ്. ഇതിനിടെയിലാണ് രാഹുലും അദ്ദേഹത്തെ കടന്നാക്രമിച്ചത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. രാജ്യത്ത് വിദ്വേഷവും ഭയവും പ്രചരിപ്പിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. തൊഴിലില്ലായ്‌മയും വിലക്കയറ്റവും രൂക്ഷമാണ്. വെറുപ്പിന്‍റെ വിപണിയിൽ സ്നേഹത്തിന്‍റെ കടകൾ തുറക്കുകയാണ് ഭാരത് ജോഡോ യാത്രയെന്നും രാഹുല്‍ ഹോഷിയാർപൂരില്‍ പറഞ്ഞു.