മൈസൂരു: കര്‍ണാടകയിലെ കനത്ത മഴയ്‌ക്കിടയിലും ഭാരത് ജോഡോ യാത്രയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് രാഹുല്‍ ഗാന്ധി. കന്യാകുമാരി മുതൽ കശ്‌മീർ വരെ ഒഴുകുന്ന ഒരു നദി പോലെയാണ് ഈ യാത്ര, ചൂടോ തണുപ്പോ മഴയോ കൊടുങ്കാറ്റോ കാരണം ഈ യാത്ര നിലയ്ക്കില്ല, ഈ നദിയിൽ വിദ്വേഷവും അക്രമവും കാണില്ലെന്നും റാലിയെ അഭിസംബോധന ചെയ്‌ത രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ 25-ാം ദിവസത്തില്‍ മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനത്തോട് അനുബന്ധിച്ച് മൈസൂരുവിലെ ബദനവാലുവിൽ നടന്ന പരിപാടിയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും പാർട്ടി നേതാക്കളും പങ്കെടുത്തു.
ഇന്നലെ(ഒക്‌ടോബര്‍ 2) രാവിലെ 8 മണിക്ക് കർണാടകയിലെ ഖാദി ഗ്രാമോദ്യോഗിലെ മഹാത്മാഗാന്ധി പ്രതിമയിൽ രാഹുൽ ഗാന്ധി പുഷ്‌പാർച്ചന നടത്തി. തുടർന്ന് പ്രാർത്ഥന യോഗവും നടന്നു. ബദ്‌നാവാലുവിലെ ഖാദി ഗ്രാമ വ്യവസായങ്ങൾ സന്ദർശിച്ച രാഹുല്‍ ഗാന്ധി വനിത നെയ്ത്തുകാരെ കാണുകയും ജോലിയില്‍ അവരുടെ വെല്ലുവിളികളെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്‌തു. ബദനവാലുവില്‍ വൃക്ഷത്തൈയും നട്ടാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്.
അഞ്ച് മാസത്തിനുള്ളിൽ 12 സംസ്ഥാനങ്ങളിൽ പര്യടനം നടത്താനാണ് ഭാരത് ജോഡോ യാത്ര കൊണ്ട് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി സെപ്‌റ്റംബര്‍ 30നാണ് ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിച്ചത്. അടുത്ത 21 ദിവസം കോണ്‍ഗ്രസ് കര്‍ണാടകയില്‍ പര്യടനം നടത്തും. എല്ലാ ദിവസവും 25 കിലോമീറ്ററാണ് പദയാത്ര പിന്നിടുന്നത്.
ഇതിനിടെ മറുവശത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. പാര്‍ട്ടി നേതാക്കളായ ശശി തരൂർ, മല്ലികാർജുൻ ഖാർഗെ, കെഎൻ ത്രിപാഠി എന്നിവര്‍ ഉൾപ്പെടെ നാമനിർദേശ പത്രികകൾ സമർപ്പിച്ചു. നെഹ്‌റു കുടുംബത്തിന്‍റെ വിശ്വസ്‌തനായ ഖാർഗെ പതിനൊന്നാം മണിക്കൂറിലാണ് മത്സരരംഗത്തേക്ക് പ്രവേശിച്ചത്. 30 ഓളം കോൺഗ്രസ് നേതാക്കളുടെ പിന്തുണ ഖാർഗെക്ക് ലഭിച്ചിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും എംപിയും ആയ ശശി തരൂർ വെള്ളിയാഴ്‌ച(സെപ്‌റ്റംബര്‍ 30) ആണ് എഐസിസി ഓഫിസിൽ എത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്. അതിനിടെ, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ സിങ് പിന്‍മാറി. ഖാർഗെയെ പോലുള്ള മുതിർന്ന നേതാവിനെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നാണ് പിന്മാറ്റത്തിന് ശേഷം അദ്ദേഹം പ്രതികരിച്ചത്.
പിന്നീട് ദിഗ്‌വിജയ സിങ് ഖാര്‍ഗെക്ക് പിന്തുണ അറിയിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് ശേഷം മത്സരത്തിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ കോൺഗ്രസ് നേതാവാണ് ദിഗ്‌വിജയ സിങ്. ഖാർഗെയുടെ നിർദേശം താനായിരിക്കുമെന്ന് തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറിയ ശേഷം ഗെലോട്ട് പറഞ്ഞു.
ഒക്‌ടോബര്‍ എട്ടിനാണ് നാമനിർദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതി. 17നാണ് തെരഞ്ഞെടുപ്പ്. 19 ന് ഫലം പ്രഖ്യാപിക്കും.