ന്യൂഡൽഹി : പാർലമെന്‍റിൽ നടന്ന സുരക്ഷ വീഴ്‌ചയിൽ കേന്ദ്ര ഭരണകർത്താക്കളായ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി (Rahul Gandhi criticized the ruling B J P government for the security lapse in Parliament). രാജ്യത്തെ തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നും അദ്ദേഹം.
ലോക്‌സഭയിൽ ഡിസംബർ 13ന് നടന്ന വലിയ സുരക്ഷ വീഴ്‌ചയെ തുടർന്നാണ് രാഹുൽ ഗാന്ധി രൂക്ഷമായ പ്രതികരണം സർക്കാരിനെതിരെ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമർശനമാണ് രാഹുൽ നടത്തിയത്. ബിജെപി സർക്കാർ നയങ്ങളാണ് രാജ്യത്ത് തൊഴിലില്ലായ്‌മ വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്‍റെ നയങ്ങൾ കാരണം യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കുന്നില്ല രാജ്യത്തെ തൊഴിലില്ലായ്‌മ ഒരു വലിയ കാരണമാണ് ഈ സുരക്ഷ ലംഘനം സംഭവിച്ചതിന്.
'എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? രാജ്യത്തെ പ്രധാന പ്രശ്‌നം എന്താണ്? അത് തൊഴിലില്ലായ്‌മയാണ്, ഇന്ത്യൻ പ്രധാനമന്ത്രി മോദിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല, തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണ് ഈ സംഭവത്തിന് പിന്നിലെ കാരണ'മെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രണ്ട് പേര്‍ സന്ദർശക ഗ്യാലറിയിൽ നിന്ന് ലോക്‌സഭ ചേമ്പറിലേക്ക് ചാടി കളര്‍ സ്‌പ്രേ ഉപയോഗിച്ച് മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത് എങ്ങനെയാണ്, എന്തുകൊണ്ട്, ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പാർലമെന്‍റിലേക്ക് നുഴഞ്ഞുകയറിയ രണ്ട് പേർ ഉൾപ്പെടെ കേസിലെ നാല് പ്രതികളെ വ്യാഴാഴ്‌ച ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രാജ്യത്തെ പാർലമെന്‍റ് ആക്രമണവുമായി ബന്ധപ്പെട്ട സംഭവത്തെ പ്രതിരോധിക്കാൻ ശ്രമിച്ചതിന് ബിജെപി നേതാക്കൾ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു.