ബെംഗളൂരു/ഹുബ്ലി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയാണെന്ന അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. ആരാണ് രാഹുല്‍ ഗാന്ധി...? അയാള്‍ മയക്കുമരുന്നിന് അടിമയും അതിന്‍റെ കച്ചവടക്കാരനുമാണ്. ഇത് മാധ്യമങ്ങള്‍ വഴി തന്നെ പുറത്തുവരും. സ്വന്തം പാര്‍ട്ടിയെ പോലും നയിക്കാന്‍ കഴിവില്ലാത്തയാളാണ് അദ്ദേഹമെന്നും ഹുബ്ലിയില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ നളിന്‍ കുമാര്‍ കട്ടീല്‍ ആരോപിച്ചു.
രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും സ്വന്തം പാര്‍ട്ടിയെ പോലും നയിക്കാന്‍ കഴിയുന്നില്ല. അങ്ങനെയുള്ളവര്‍ എങ്ങനെ രാജ്യത്തെ നയിക്കും. ഡികെ ശിവകുമാറിനെതിരെ ഉഗ്രപ്പ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് വിമര്‍ശിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് രണ്ടായി പിളരുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: 'പാറപോലുറച്ചവരെ നിയോഗിക്കില്ല' ; യുപിയില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കെന്ന് പ്രിയങ്ക
എന്നാല്‍ നളിന്‍ കുമാറിന്‍റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. നളിന്‍ കുമാര്‍ കട്ടീലിന്‍റെ മാനസികാരോഗ്യം തകര്‍ന്നിരിക്കുന്നുവെന്നായിരുന്നു കര്‍ണാടക പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യയുടെ പ്രതികരണം. ഇത്രയേറെ ഉത്തരവാദിത്വമില്ലാതെ സംസാരിക്കുന്ന രാഷ്ട്രീയ നേതാവിനെ താന്‍ കണ്ടിട്ടില്ല. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് ഉടന്‍ ചികിത്സ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നളിന്‍ കുമാര്‍ കട്ടീലും ബിജെപിയും വിഷയത്തില്‍ മാപ്പ് പറയണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികള്‍ ആയാലും വിമര്‍ശനങ്ങളില്‍ സാമാന്യ മര്യാദ കാണിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നളിന്‍കുമാര്‍ കട്ടീല്‍ ഒരു വിഡ്ഡിയാണെന്നും അദ്ദേഹത്തെയാണ് ബിജെപി അധ്യക്ഷനാക്കിയതെന്നുമായിരുന്നു മുന്‍ കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിന്‍റെ പ്രതികരണം. മാപ്പുപറയാന്‍ തയ്യാറാകാത്ത കട്ടീലിനെ പാര്‍ട്ടി പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.