കൊല്‍ക്കത്ത: ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്ന്. വെള്ളച്ചാട്ടം, തടാകങ്ങള്‍, കണ്ണെത്താദൂരത്തോളം നീണ്ട് പരന്ന് കിടക്കുന്ന കുന്നുകള്‍. ഏത് കുന്നിന്‍റെ മുകളില്‍ നിന്നാലും ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കാണാം.
കുന്നുകളുടെ രാജ്ഞിയെന്നറിയപ്പെടുന്ന ഡാര്‍ജലിങിന് വിശേഷണങ്ങള്‍ നിരവധിയാണ്. ശൈത്യകാലമെത്തിയതോടെ കുന്നുകളില്‍ മഞ്ഞ് പുതപ്പ് വിരിച്ചു കഴിഞ്ഞു. കാഞ്ചന്‍ജംഗ വ്യൂപോയിന്‍റായ ടൈഗര്‍ ഹില്‍, ഗൂം, ബട്ടാസിയ ലൂപ്പ് തുടങ്ങി ഡാര്‍ജലിങില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന പ്രദേശങ്ങളെല്ലാം മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണ്.
പശ്ചിമ ബംഗാളിലെ ഏറ്റവും ഉയര്‍ന്ന പ്രദേശവും എവറസ്റ്റ് ട്രക്കിങിന്‍റെ പ്രവേശന കവാടമായ സന്ദക്‌ഫുവില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. അയല്‍ സംസ്ഥാനമായ സിക്കിമിലും കനത്ത മഞ്ഞുവീഴ്‌ചയാണ് അനുഭവപ്പെടുന്നത്.
ടൈഗര്‍ ഹില്ലില്‍ പെട്ടെന്നുള്ള മഞ്ഞുവീഴ്‌ചയെ തുടര്‍ന്ന് വിനോദ സഞ്ചാരികള്‍ക്ക് മടങ്ങേണ്ടി വന്നു. താപനില താഴ്‌ന്ന് നില്‍ക്കുന്ന സിലിഗുരിയില്‍ നേരിയ മഴയും പെയ്യുന്നുണ്ട്. മഞ്ഞുവീഴ്‌ച കനത്തതോടെ ഡാര്‍ജലിങ് സന്ദര്‍ശിക്കാന്‍ വിനോദസഞ്ചാരികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.
Also read: കശ്‌മീരിന്‍റെ സുവർണ കിരീടം; കൊക്കർനാഗ് പ്രകൃതിയുടെ കളിത്തൊട്ടില്‍