ഉദയാസ്‌തമയ സൂര്യന്‍റെ രശ്‌മികളുടെ സ്‌പർശമേറ്റ് ഒരുപാട് ചരിത്രങ്ങളും പേറി തലയുയർത്തി നിൽക്കുകയാണ് ഖ്വില മുബാറക്. പഞ്ചാബിലെ മാല്‍വ മേഖലയിലെ പ്രശസ്‌ത നഗരമായ ഭത്തിന്‍ഡയിലെ ചരിത്ര പ്രസിദ്ധമായ കോട്ടയാണ് ഖ്വില മുബാറക്. ഇന്ത്യയുടെ തനതായ ചരിത്രത്തിൽ ഒരു പ്രത്യേക സ്ഥാനമുണ്ട് ഈ കോട്ടയ്ക്ക്. കോട്ടയുടെ ഓരോ പടുകൂറ്റന്‍ കവാടങ്ങൾക്കും ചുമരുകൾക്കും ഒരു കാലത്ത് അതിനുണ്ടായിരുന്ന പ്രതാപത്തിന്‍റെ കഥ പറയാനുണ്ട്.
ദാബ് രാജാവാണ് ഭത്തിന്‍ഡയിലെ ഈ കോട്ട നിർമിച്ചത്. വിക്രംഗഡ് കോട്ട എന്നായിരുന്നു മുന്‍ കാലങ്ങളില്‍ ഇത് അറിയപ്പെട്ടിരുന്നത്. പിന്നീട് ജയ്‌പാല്‍ എന്ന രാജാവ് അതിനെ ജയ്‌പാല്‍ഗഡ് എന്ന് പുനര്‍ നാമകരണം ചെയ്‌തു. വിനയ് പാലിന്‍റെ പിൻഗാമിയായിരുന്നു ദാബ് രാജാവ്. പിന്നീട് വിവിധ കാലഘട്ടങ്ങളിൽ മുഹമ്മദ് ഗസ്‌നി, മുഹമ്മദ് ഗൗറി, പൃഥിരാജ് ചൗഹാന്‍ തുടങ്ങിയവർ ഈ കോട്ട കീഴടക്കിയിരുന്നു.
മധ്യകാല ഘട്ടത്തില്‍ ഭട്ടീറാവു രാജ്‌പുത് ഖ്വില മുബാറക് പുനര്‍ നിർമിക്കുകയും കോട്ടയ്‌ക്ക് ഭട്ടിന്‍ഡ എന്ന് പേര് നൽകുകയും ചെയ്‌തു. അതിനാലാണ് ഈ നഗരം ആദ്യം ഭട്ടിന്‍ഡ എന്നും ഇപ്പോള്‍ ഭത്തിന്‍ഡ എന്നും അറിയപ്പെടുന്നത്. 1707ല്‍ ഗുരു ഗോവിന്ദ് സിങ് ഈ കോട്ടയിലെത്തിയതോടെ കോട്ടയ്‌ക്ക് ഗോവിന്ദ്ഗഡ് എന്ന് പേരു നല്‍കി.
1239ല്‍ മുഗള്‍ വംശത്തിലെ ഗവര്‍ണര്‍ അൽതുനിയ നടത്തിയ വിമത നീക്കത്തെ ഇല്ലാതാക്കുന്നതിനായി ഡല്‍ഹിയിലെ ആദ്യ വനിത ഭരണാധികാരിയായ റസിയ സുല്‍ത്താന ഇവിടേക്കെത്തുകയും റസിയയെ ഭത്തിന്‍ഡ കോട്ടയിൽ ഏകദേശം രണ്ടു മാസത്തോളം തടവിലിടുകയും ചെയ്‌തു. കോട്ടയിലെ ഈ ഭാഗമിപ്പോള്‍ റാണി കി മഹല്‍ എന്നാണറിയപ്പെടുന്നത്.
ഭത്തിന്‍ഡയിലെ ജനങ്ങള്‍ ഖ്വില മുബാറകിനെ പഞ്ചാബിന്‍റെ മുഴുവന്‍ അഭിമാനമായാണ് കണ്ടു വരുന്നത്. മാറി മാറി വരുന്ന സർക്കാരുകളുടെ അവഗണന മൂലം ഖ്വില മുബാറക് എന്ന സുന്ദരമായ കോട്ട ഓരോ ദിവസവും നശിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.
തടവിലാക്കപ്പെട്ട സമയത്ത് റസിയ സുല്‍ത്താന റാണി കി മെഹലിന്‍റെ ജനലരികില്‍ ഇരിക്കാറുണ്ടായിരുന്നുവെന്നും സായാഹ്നങ്ങളിലെ മീനാ ബസാറിന്‍റെ അതി സുന്ദരമായ കാഴ്‌ചകൾ റസിയ അവിടെ ഇരുന്ന് ആസ്വദിക്കാറുണ്ടായിരുന്നു എന്നുമാണ് ചരിത്രം. കോട്ടയുടെ മുകളില്‍ നിന്നുള്ള ഭത്തിന്‍ഡയുടെ മനോഹര കാഴ്‌ചകൾ കണ്ട് വിസ്‌മയിച്ച് നിൽക്കാറുണ്ട് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍.