ന്യൂഡല്‍ഹി: കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വലയുന്ന ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായങ്ങള്‍ സൗജന്യമായി എത്തിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ്. ആഗോള വിതരണക്കാരില്‍ നിന്ന് ഇന്ത്യയ്ക്കുള്ള 300 ടണ്‍ വരുന്ന മെഡിക്കല്‍ സഹായങ്ങളും ഉപകരണങ്ങളും ഖത്തര്‍ എയര്‍വെയ്സിന്‍റെ മൂന്ന് കാര്‍ഗോ വിമാനങ്ങളിലായി മേയ് മൂന്നിന് ദോഹയില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്സ് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു. പി.പി.ഇ കിറ്റുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മറ്റ് അടിയന്തര മെഡിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാമാണ് ഷിപ്പ്മെന്‍റെിലുള്ളത്.
ഇന്ത്യയുമായി നല്ല ബന്ധമാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും ഖത്തര്‍ എയര്‍വെയ്സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ബേക്കര്‍ വ്യക്തമാക്കി. കൊവിഡിന്‍റെ തുടക്കം മുതലേ പ്രതിസന്ധിയില്‍ കഴിയുന്ന രാജ്യങ്ങളിലേക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതില്‍ ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോ മുന്നിലുണ്ട്. യൂണിസെഫിനായി ഇതിനകം രണ്ടു കോടി ഡോസ് കൊവിഡ് വാക്സിനുകളാണ് ആഗോള തലത്തില്‍ ഖത്തര്‍ എയര്‍വേയ്സ് വിതരണം ചെയ്തത്.
യൂണിസെഫിന്‍റെ മാനുഷിക വിമാന ചരക്ക് സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി അഞ്ച് വര്‍ഷത്തെ ധാരണാപത്ര പ്രകാരമാണ് ഖത്തര്‍ എയര്‍വേയ്സ് കാര്‍ഗോയുടെ സേവനം. 2020 ഫെബ്രുവരിയില്‍ കൊവിഡിന്‍റെ തുടക്കം മുതല്‍ തന്നെ ഖത്തര്‍ എയര്‍വേയ്സ് ബീജിങ്, ഷാന്‍ഗായി തുടങ്ങി ചൈനയുടെ വിവിധ നഗരങ്ങളിലേക്ക് മെഡിക്കല്‍ സഹായങ്ങള്‍ എത്തിച്ചിരുന്നു.