കൊല്‍ക്കത്ത : സംസ്ഥാനത്തെ പഴക്കമുള്ള വാഹനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി പിവിഡി (പബ്ലിക് വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്‍റ്). മലിനീകരണ തോത് കുറയ്‌ക്കാനായാണ് നടപടി. പഴയ വാഹനങ്ങള്‍ നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് എന്‍ജിടി (ദേശീയ ഹരിത ട്രൈബ്യൂണല്‍) പിവിഡിയ്‌ക്ക് നോട്ടിസ് നല്‍കിയിരുന്നു. രണ്ട് വര്‍ഷം കൊണ്ട് നഗരത്തിലെ മഞ്ഞ ടാക്‌സികള്‍ പൂര്‍ണമായും നിര്‍ത്തലാക്കും.
15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള വാണിജ്യ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും നിര്‍ത്തലാക്കും. 2022 ജൂലൈയിൽ കൊൽക്കത്തയിലും ഹൗറയിലും ഓടുന്ന 15 വർഷത്തിലധികം പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളുടെയും ഉപയോഗം ഘട്ടം ഘട്ടമായി നിർത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ (NGT) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനത്തെ വായു മലിനീകരണ തോത് കുത്തനെ ഉയര്‍ന്നതോടെയാണ് ഉത്തരവ് റദ്ദാക്കിയത് സുപ്രീം കോടതി പിന്‍വലിച്ചത്.
പിവിഡി നല്‍കിയ കണക്കുകള്‍ പ്രകാരം 2018ല്‍ 9,717 മഞ്ഞ ടാക്‌സികളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നഗരത്തില്‍ നിന്ന് പ്രത്യേകിച്ചും കൊല്‍ക്കത്തയിലും ഹൗറയിലും ഓടിയിരുന്ന വാഹനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നെങ്കിലും ഇപ്പോഴും ചില വാഹനങ്ങള്‍ നിരത്തിലോടുന്നുണ്ട്. അവയെ കണ്ടെത്തി നിര്‍ത്തലാക്കുമെന്നും നഗരത്തിലെ 491 ക്ലാസിക് ക്യാബുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം നിര്‍മാണ യൂണിറ്റുകളുടെ അഭാവമാണ് മഞ്ഞ ടാക്‌സികളുടെ തകര്‍ച്ചയ്‌ക്ക് കാരണമെന്ന് ഗതാഗത വകുപ്പ് മന്ത്രി സ്‌നേഹസിസ് ചക്രവര്‍ത്തി പറഞ്ഞു. ബിര്‍ള ഫാക്‌ടറി അടച്ച് പൂട്ടിയിട്ട് വര്‍ഷങ്ങളായി. കൊല്‍ക്കത്തയിലും ഹൗറയിലും ഇനി മഞ്ഞ ടാക്‌സികള്‍ ഓടരുത്. അവ നിര്‍ത്തലാക്കണം.
15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള എത്ര വാഹനങ്ങള്‍ നഗരത്തിലുണ്ടെന്ന് കൃത്യമായി പറയാനാവില്ല. എന്നാല്‍ ഭാവിയില്‍ മഞ്ഞ ടാക്‌സികള്‍ ഉണ്ടാകുമോ എന്നത് അവയുടെ കാലപ്പഴക്കത്തെ ആശ്രയിച്ചിരിക്കുമെന്നും മന്ത്രി സ്‌നേഹസിസ് ചക്രവര്‍ത്തി പറഞ്ഞു.
കൊല്‍ക്കത്തയിലെ മഞ്ഞ ടാക്‌സികള്‍ : എണ്‍പതുകളില്‍ കൊല്‍ക്കത്തയിലെ നിരത്തിലൂടെ കണ്ണോടിച്ചാല്‍ നിറയെ മഞ്ഞ ടാക്‌സികളും അതിനിടയിലൂടെ മനുഷ്യനെ വലിച്ച് കൊണ്ട് പോകുന്ന റിക്ഷകളുമായിരുന്നു. ഒരു കാലത്ത് കൊല്‍ക്കത്ത നഗരത്തിന്‍റെ മുഖമുദ്രയായിരുന്ന ഈ മഞ്ഞ ടാക്‌സികള്‍ പില്‍ക്കാലത്ത് ഗണ്യമായി കുറഞ്ഞ് തുടങ്ങി. ആധുനിക വാഹനങ്ങളും ഓണ്‍ലൈന്‍ ടാക്‌സികളും നിരത്തുകള്‍ കയ്യേറിയത് മഞ്ഞ ടാക്‌സിയ്‌ക്ക് തിരിച്ചടിയായിരുന്നു. എന്നാലും വര്‍ഷങ്ങള്‍ക്കിപ്പുറവും മഞ്ഞ ടാക്‌സികള്‍ ഓടിച്ച് ജീവിതം കഴിച്ച് കൂട്ടുന്നവര്‍ ഇന്നും കൊല്‍ക്കത്ത നഗരത്തിലുണ്ട്.
കൊല്‍ക്കത്തയില്‍ എത്തുന്ന ഏതൊരാളെയും ആദ്യം സ്വാഗതം ചെയ്‌തിരുന്നത് ഈ മഞ്ഞ ടാക്‌സികളായിരുന്നു. ലോക പ്രസിദ്ധമായ ഇവയെ നഗരത്തിന്‍റെ മുക്കിലും മൂലയിലും കാണാമായിരുന്നു. ആധുനിക സൗകര്യങ്ങളുള്ള വാഹനങ്ങള്‍ക്കൊപ്പം പ്രതാപം നഷ്‌ടപ്പെട്ട ഇവയുടെ കമ്പനികള്‍ അടച്ച് പൂട്ടിയതും തിരിച്ചടിയായി. അംബാസഡര്‍ കാറിന്‍റെ നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തന്നെയായിരുന്നു മഞ്ഞ ടാക്‌സിയുടെയും നിര്‍മാതാക്കള്‍.
എന്നാലും പ്രതീക്ഷയോടെ വളയം പിടിച്ച് മഞ്ഞ ടാക്‌സി കൊണ്ട് ഉപജീവനം നടത്തിയിരുന്ന നിരവധി പേരുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊല്‍ക്കത്തയില്‍ ജോലിക്കെത്തിയ വലിയ വിഭാഗം മഞ്ഞ ടാക്‌സി ഡ്രൈവര്‍മാരായി മാറി.അതേസമയം കൊല്‍ക്കത്തയിലെ ഇപ്പോഴത്തെ വായു മലിനീകരണ തോത് ഉയര്‍ന്നതാണ് മഞ്ഞ ടാക്‌സികള്‍ക്ക് വെല്ലുവിളിയായത്.