ഡെറാഡൂൺ: ചമ്പാവത്ത് നിയമസഭ സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ പുഷ്‌കർ സിങ് ധാമിയ്‌ക്ക് മിന്നും ജയം. കോൺഗ്രസിന്‍റെ നിർമല ഗട്ടോരിയെ 55,000-ത്തിലധികം റെക്കോർഡ് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. മെയ് 31നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
ഫെബ്രുവരിയിൽ നടന്ന സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഖത്തിമയിൽ (khatima) നിന്ന് മത്സരിച്ചെങ്കിലും പുഷ്‌കർ സിങ് ധാമി പരാജയപ്പെട്ടു. തുടര്‍ന്ന്, മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടി ചമ്പാവത്തില്‍ മത്സരിക്കുകയായിരുന്നു. 2012, 2017 നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഖത്തിമയിൽ നിന്നും സഭയിലെത്തിയ ധാമി, കോൺഗ്രസിന്‍റെ ഭുവൻ ചന്ദ്ര കാപ്രിയോടാണ് ഫെബ്രുവരിയിലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്.
നന്ദി പറഞ്ഞ് ധാമി: ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രംഗത്തെത്തി. ഇത് അവരുടെ വിശ്വാസത്തിന്‍റെ വിജയമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ സേവനത്തിനായി എന്നെ പൂർണമായും സമർപ്പിക്കാനുള്ള കൽപ്പനയാണ് ഇത്. നമ്മുടെ പ്രധാനമന്ത്രിയോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ ഞാൻ അറിയിക്കുന്നു.
അദ്ദേഹത്തിന്‍റെ നിരന്തരമായ മാർഗനിർദേശം എന്നെ ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും നേടാന്‍ യോഗ്യനാക്കി. പുതിയ ഉത്തരാഖണ്ഡ് കെട്ടിപ്പടുക്കുന്നതിനും അതിന്‍റെ വികസന ചരിത്രത്തിൽ ഒരു സുവർണ അധ്യായം എഴുതുന്നതിനും ഈ വിജയം കാരണമാവും. 55,025 വോട്ടുകളുടെ റെക്കോഡ് വിജയം ആ സ്വപ്‌നങ്ങൾ നിറവേറ്റാന്‍ പ്രതിജ്ഞാബദ്ധമാണ്.
ചമ്പാവത്ത് നിവാസികളോട് തന്‍റെ ഉത്തരവാദിത്വം അർപ്പണബോധത്തോടെ നിറവേറ്റും. മുഖ്യമന്ത്രി എന്ന നിലയിൽ സംസ്ഥാനത്തെ മുഴുവൻ സേവിക്കുക എന്നത് തന്‍റെ കടമയാണ്. എന്നാൽ, ഒരു ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് ചമ്പാവത്ത് നിവാസികളോട് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ധാമിയുടെ ചരിത്രം കുറിച്ച 'തിരുത്ത്': 64 ശതമാനത്തിലധികം വോട്ടാണ് പോള്‍ ചെയ്‌തത്. കോണ്‍ഗ്രസിന്‍റെ നിർമല ഗട്ടോരി ആകെ നേടിയത് 3,233 വോട്ട് മാത്രമാണ്. അതേസമയം, ധാമി പെട്ടിയിലാക്കിയത് 58,258 വോട്ടുകളുമാണ്. അതില്‍, 55,025 ഭൂരിപക്ഷമാണ് ബി.ജെ.പി നേതാവ് കുറിച്ചത്. വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ നിർമല ഗട്ടോരിയ്‌ക്ക് മത്സരത്തിനായി കെട്ടിവച്ച പണം നഷ്‌ടമായി.
ഉത്തരാഖണ്ഡില്‍ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച മുഖ്യമന്ത്രിമാർ തോറ്റ ചരിത്രമില്ല. മലയോര മേഖലയിൽ മത്സരിച്ച് ഒരു മുഖ്യമന്ത്രി നേടുന്ന ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. 2012ൽ കോൺഗ്രസ് ടിക്കറ്റിൽ സിതാർഗഞ്ചിൽ നിന്ന് 40,000 വോട്ടുകൾക്ക് വിജയ് ബഹുഗുണ സീറ്റ് പിടിച്ചിരുന്നു. ആ റെക്കോഡാണ് ധാമി തിരുത്തിയത്.