പൂനെ: വളയിട്ട്, പൊട്ടുതൊട്ട് സാരിയുടുത്ത് ജിമ്മില്‍ പുഷ് അപും ഡമ്പല്‍സ് വ്യായാമവും സിമ്പിളായി ചെയ്യുന്ന യുവതി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്‍ തരംഗമായി. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ പ്രതീകമാണ് സാരിയെന്നും അതുടുത്താല്‍ അടങ്ങിയൊതുങ്ങി കഴിയണമെന്നും മിഥ്യാധാരണയുണ്ട്. അതിനെ വെല്ലാന്‍ ഒരുങ്ങിത്തിരിച്ച ഈ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരാണെന്നറിയാന്‍ സാമൂഹ്യ മാധ്യമ ഉപയോക്താക്കളില്‍ കൗതുകമേറി.
വിട്ടുവീഴ്ചയില്ലാത്ത വര്‍ക്ഔട്ട്
ഇതോടെ അതിനുള്ള ഉത്തരം തേടി ഇ.ടി.വി ഭാരത് കച്ചകെട്ടിയിറങ്ങി. അവസാനം ഞങ്ങള്‍ ആ താരത്തെ കണ്ടെത്തി. ഷര്‍വരി ഇനാംദാര്‍. മഹാരാഷ്ട്രയിലെ പൂനെ സ്വദേശി. മുന്‍പിലൊരു പദവികൂടിയൂണ്ട്. ഡോക്ടര്‍ ഷര്‍വരി ഇനാംദാര്‍. ആയുര്‍വേദത്തില്‍ എം.ഡിയുള്ള ഇവര്‍ക്ക് വ്യായാമത്തോട് വലിയ അഭിനിവേശമാണ്. പരിശീലനം നേടിയ നല്ലൊരു പവര്‍ ലിഫ്റ്റര്‍ കൂടിയാണ്. ജിമ്മില്‍ പോകുന്ന കാര്യത്തില്‍ ഷർവരിയ്ക്ക് ഒരു വിട്ടുവീഴ്ചയുമില്ല.
മികച്ച വ്യക്തിത്വത്തിന് വേണം വ്യായാമം
വ്യായാമം ചെയ്യാത്ത ഒരു ദിവസം പോലുമില്ല അവരുടെ ജീവിതത്തില്‍. ഷര്‍വരിയുടെ ആരോഗ്യത്തിനു പിന്നിലെ രഹസ്യം മറ്റൊന്നുമല്ല. ജിമ്മിലെ ഡെയ്‌ലി വര്‍ക്ഔട്ട് തന്നെ. തന്‍റെ വ്യായാമ ദിനചര്യകളെക്കുറിച്ച് പറയാന്‍ ഷർവരിയ്ക്ക് വലിയ ആവേശമാണ്. മികച്ച വ്യക്തിത്വത്തിനായി വ്യായാമം അവർ ശുപാർശ ചെയ്യുന്നു.
നാലുതവണ സ്‌ട്രോങ് വുമൺ കിരീടം ഷർവരി നേടിയിട്ടുണ്ട്. പൂനെയില്‍ ഡയറ്റ് ക്ലിനിക്ക് നടത്തുന്ന അവര്‍, ആരോഗ്യ ജീവിതത്തിന് ശരിയായ ഭക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നു. ആരോഗ്യകരമായ വ്യക്തിത്വത്തിനുള്ള മാതൃകയാണ് അവരുടെ ഔദ്യോഗിക ജീവിതവും സ്വകാര്യ ജീവിതവും. ആരോഗ്യ സുന്ദര സമൂഹത്തിനായി ജീവിതം തന്നെ സന്ദേശമാക്കി മാറ്റുകയാണ് ഡോക്ടര്‍ ഷര്‍വരി ഇനാംദര്‍.
ALSO READ: രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പദവി; നാൾ വഴികളിലൂടെ.....