ഗുരുദാസ്‌പൂർ: ഡൽഹി-കത്ര ദേശീയപാതയ്‌ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ നടന്ന സമരത്തിൽ വയോധികയുടെ മുഖത്തടിച്ച് പഞ്ചാബ് പൊലീസ്. ഗുരുദാസ്‌പൂർ അമൻദീപ് കൗറിന്‍റെ നേതൃത്വത്തിൽ താനെവാൾ ഗ്രാമത്തിൽ ആരംഭിച്ച കർഷക സമരത്തിലാണ് പൊലീസ് അതിക്രമം നടന്നത്. സംഭവത്തിന്‍റെ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു. പൊലീസ് നടപടിക്കെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്.
ദേശീയപാതയ്‌ക്കായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും കർഷകർക്കുമാത്രമാണ് നഷ്‌ടപരിഹാരത്തുക നൽകിയതെന്ന പരാതിയിലാണ് കർഷക സംഘടനകൾ പ്രതിഷേധവുമായി എത്തിയത്. ജില്ല ഭരണകൂടം നഷ്‌ടപരിഹാരം കൃത്യമായി വിതരണം ചെയ്‌തില്ലെന്നാണ് കർഷക സംഘടനകൾ പറയുന്നത്. ഇതേത്തുടർന്നാണ് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്. ഡൽഹി, കത്ര ദേശീയപാതയ്ക്കായി താനെവാൾ ഗ്രാമത്തിൽ ജില്ല ഭരണകൂടം ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കുന്നതായി വിവരം ലഭിച്ചതായി കിസാൻ മസ്‌ദൂർ സംഘർഷ് കമ്മിറ്റി നേതാവ് ഹർവീന്ദർ സിങ് മാധ്യമങ്ങളോട് പറഞ്ഞു.
'കർഷകർക്ക് നഷ്‌ടപരിഹാരം നൽകാൻ ജില്ല ഭരണകൂടം കൃത്യമായ നടപടികൾ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഡിസി ഗുരുദാസ്‌പൂരുമായി ചർച്ച നടത്തിയെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. വാർഡിങ് കൃത്യമായി നടത്തി എല്ലാ കർഷകർക്കും ഭൂമിക്ക് ഏകീകൃത നഷ്‌ടപരിഹാരം ലഭിക്കുന്നതുവരെ പണി തുടങ്ങാൻ അനുവദിക്കില്ല' -അദ്ദേഹം പറഞ്ഞു.
സമരസ്ഥലത്ത് നിന്ന് പൊലീസ് അതിക്രമത്തിന്‍റെ നിരവധി വീഡിയോകൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. എന്നാൽ കർഷക സമരം അനാവശ്യമാണെന്നും കർഷകർക്ക് അവശ്യമായ തുക ഇതിനോടകം ബാങ്ക് അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ടെന്നും കർഷകർ ഭൂമി ഏറ്റെടുക്കാൻ രേഖാമൂലം അനുവാദം നൽകിയിട്ടുണ്ടെന്നും ദേശീയ പാത നിർമാണ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.