അമൃത്‌സര്‍: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് ലോകജനത. ആട്ടവും പാട്ടും മേളവുമായാണ് പലരും കടന്ന് പോയ ഇന്നലകളെ മറന്ന് നല്ല നാളെകളെ എതിരേല്‍ക്കാന്‍ തയ്യാറെടുക്കുന്നത്. കേരളത്തിലുള്‍പ്പടെ പലയിടങ്ങളിലും ഇതിനോടകം തന്നെ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു.
സാധാരണയായി സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും മറ്റുമെത്തി ആര്‍ത്തുല്ലസിച്ചാണ് പുതിയ വര്‍ഷത്തെ പലരും സ്വഗതം ചെയ്യുന്നത്. കൂടാതെ പ്രിയപ്പെട്ടവര്‍ക്ക് പുതുവത്സരാശംസകള്‍ കൈമാറുന്നവരുമുണ്ട്. എന്നാല്‍, പുതുവത്സരത്തെ വരവേല്‍ക്കുന്നതിന് മുന്നോടിയായി വ്യത്യസ്‌തമായൊരു ആഘോഷമാണ് പഞ്ചാബിലെ അമൃത്‌സറില്‍ നിന്നുള്ള ഒരു കൂട്ടായ്‌മ നടത്തിയത്.
അമൃത്‌സറിലെ റായ ഗ്രാമത്തിലെ ഒരു ശ്‌മശാനം ആയിരുന്നു ആഘോഷപരിപാടിയുടെ വേദി. പരിപാടി സംഘടിപ്പിച്ചതാകട്ടെ 'ഇഡിയറ്റ് ക്ലബ്ബ്' എന്ന പേരിലൊരു കൂട്ടായ്‌മയും. കറുത്ത വസ്ത്രങ്ങളും പ്രേത മുഖംമൂടിയും ധരിച്ചെത്തിയ ഇവര്‍ കേക്ക് മുറിച്ചും ആടിയും പാടിയുമാണ് ആഘോഷിച്ചത്.
തനതായ ഈ പ്രവര്‍ത്തനത്തിലൂടെ വ്യത്യസ്‌ത സാമൂഹിക സന്ദേശങ്ങള്‍ കൈമാറാനായിരുന്നു തങ്ങളുടെ ശ്രമമെന്ന് ക്ലബ്ബ് അംഗങ്ങള്‍ പറയുന്നു. ഇതിന്‍റെ ഭാഗമായി അഴിമതി, മയക്കുമരുന്ന്, തീവ്രവാദം, അന്ധവിശ്വാസം തുടങ്ങിയ സാമൂഹിക തിന്മകൾക്കെതിരെ പോരാടാൻ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങൾ ആലേഖനം ചെയ്‌ത പ്രേത മുഖംമൂടികളാണ് ഇവര്‍ ധരിച്ചിരുന്നത്.
നിലവില്‍ ശ്‌മശാനം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് 25 വര്‍ഷം മുന്‍പ് ക്ലബ്ബ് ആരംഭിച്ചത്. ഈ പശ്ചാത്തലത്തിലാണ് 'ഇഡിയറ്റ് ക്ലബ്ബ്' ആഘോഷങ്ങള്‍ക്കായി ഈ സ്ഥലം തന്നെ തെരഞ്ഞെടുത്തതെന്ന് കൂട്ടായ്‌മയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. സാമൂഹികപരമായ പല തിന്മകൾക്കെതിരെയും തങ്ങളുടെ അസോസിയേഷൻ തുടക്കം മുതൽ തന്നെ ശബ്‌ദം ഉയർത്തുന്നുണ്ടെന്ന് ക്ലബ്ബിന്‍റെ രക്ഷാധികാരിയായ ഗുല്ലെ ഷാ പറഞ്ഞു.