ചണ്ഡിഗഡ് : പഞ്ചാബ് - ഹരിയാന എന്നിവിടങ്ങളില്‍ നായകളുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്‌ട പരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. ഇരുസംസ്ഥാനങ്ങളിലെയും സര്‍ക്കാറുകളുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഹൈക്കോടതിയുടെ ഉത്തരവ്. രണ്ടിടങ്ങളിലും തെരുവ് നായ ആക്രമണങ്ങളും നായകളെ കൊല്ലുന്നതും അധികരിച്ച സാഹചര്യം കണക്കിലെടുത്താണ് ഉത്തരവ് (Compensation For Dog Bites).
വിഷയവുമായി ബന്ധപ്പെട്ട 193 ഹര്‍ജികള്‍ പരിഗണിച്ചാണ് നടപടി. തെരുവുനായകളുടെ കടിയേല്‍ക്കുന്ന കേസുകളില്‍ നഷ്‌ട പരിഹാരം നിര്‍ണയിക്കാന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ സംസ്ഥാന ഭരണകൂടങ്ങളോട് കോടതി ഉത്തരവിട്ടു. അതത് ജില്ലകളിലെ ഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിലാണ് ഈ സമിതികൾ രൂപീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി (Punjab High Court About Dog Bite Cases).
നായയുടെ കടിയേറ്റിട്ടുണ്ടെന്ന് കാണിച്ച് ആരെങ്കിലും അപേക്ഷ സമര്‍പ്പിച്ചാല്‍ സമിതി അന്വേഷണം നടത്തി അര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ 4 മാസത്തിനകം നഷ്‌ട പരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
നഷ്‌ട പരിഹാര തുക ലഭിക്കുക ഇങ്ങനെ : ഹൈക്കോടതി ഉത്തരവ് പ്രകാരം നായയുടെ ആക്രമണത്തിന്‍റെ തോത് അനുസരിച്ചായിരിക്കും തുക ലഭിക്കുക. ഏറ്റവും കുറഞ്ഞ തുക 1000 ആണ്. നായയുടെ ആക്രമണത്തില്‍ ചെറിയ മുറിവുകളോ പാടുകളോ മാത്രമാണ് ഉണ്ടായതെങ്കില്‍ 1000 രൂപയായിരിക്കും നഷ്‌ട പരിഹാരമായി ലഭിക്കുക. അതേസമയം ആക്രമണത്തില്‍ ഉണ്ടായ മുറിവ് 0.2 സെന്‍റിമീറ്ററോ അതിലധികമോ ആഴത്തിലുള്ളതാണെങ്കില്‍ 20,000 രൂപ വരെ നഷ്‌ട പരിഹാരം ലഭിക്കും. അതേസമയം വളര്‍ത്ത് നായകള്‍ മറ്റാരെയെങ്കിലും ആക്രമിച്ചാല്‍ ഉടമ നഷ്‌ട പരിഹാരം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു.
അലഞ്ഞുതിരിയുന്നതും പണിയാകും (Important Decision For Stray Animals): വളര്‍ത്തുമൃഗങ്ങള്‍ റോഡില്‍ അലഞ്ഞ് തിരിയുന്നത് കാരണം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നതായും കോടതികള്‍ ചൂണ്ടിക്കാട്ടി. വളര്‍ത്തുമൃഗങ്ങളെ റോഡിലേക്ക് വിട്ടയച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ഉടമകളില്‍ നിന്നും നഷ്‌ട പരിഹാരം ഈടാക്കുമെന്നും കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നഷ്‌ട പരിഹാര തുക നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാറുകളോട് പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചു. പശു, കാള, കഴുത, നായ, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍ റോഡില്‍ അലഞ്ഞുതിരിഞ്ഞ് അപകടങ്ങള്‍ അധികരിച്ചതോടെയാണ് ഹൈക്കോടതി ഉത്തരവ്.
also read: കോട്ടയം അകലക്കുന്നത്ത് തെരുവുനായ ശല്യം രൂക്ഷം; ആക്രമണമേറ്റ ആട് ചത്തു