ധുരി (പഞ്ചാബ്): ദേശീയ രാഷ്‌ട്രീയത്തിൽ ബിജെപിക്ക് ആം ആദ്‌മി പാർട്ടി വെല്ലുവിളിയാകുമെന്ന് എഎപി വക്താവ് രാഘവ് ചദ്ദ. എഎപിയുടെ പഞ്ചാബിലെ വിജയത്തിന് പിന്നാലെ ചണ്ഡീഗഡിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് രാഘവ് ചദ്ദയുടെ പ്രതികരണം. പഞ്ചാബിലെ ജനങ്ങൾ പാർട്ടിയുടെ മേൽ വലിയ ഉത്തരവാദിത്തമാണ് ഏൽപിച്ചിരിക്കുന്നത്. ജനങ്ങളോട് തൂത്തുവാരാൻ ആവശ്യപ്പെട്ടപ്പോൾ അവർ വാക്വം ക്ലീനർ ഓണാക്കിയെന്നും രാഘവ് ചദ്ദ പറഞ്ഞു.
അതേസമയം, ധുരി മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് മുൻപിലെത്തിയ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിങ് മൻ പഞ്ചാബിൽ സത്യസന്ധമായ ഭരണം കാഴ്‌ചവക്കുമെന്ന് പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്‌തവർക്കും ചെയ്യാത്തവർക്കും ഉറപ്പ് നൽകുന്നുവെന്ന് പറഞ്ഞു. പക്ഷപാതം കാണിക്കില്ലെന്നും മുഖ്യമന്ത്രിയായ ആദ്യ ദിവസം തന്നെ സംസ്ഥാനത്തെ തൊഴിലില്ലായ്‌മ കുറക്കാൻ ശ്രമിക്കുമെന്നും ഭഗവന്ത് മൻ പറഞ്ഞു.
ധുരി മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്‍റെ ദൽവീർ സിങ് ഗോൾഡിയേക്കാൾ 60,000 വോട്ടുകളുടെ ഗണ്യമായ ഭൂരിപക്ഷത്തിലാണ് ഭഗവന്ത് മൻ വിജയിച്ചത്. ഇതിനകം 92 സീറ്റുകളിൽ പാർട്ടി ലീഡ് നിലനിർത്തുകയാണ്.
Also Read: ആം ആദ്മി ചൂലെടുത്തപ്പോള്‍ വീണത് കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാക്കള്‍