പഞ്ചാബ് : വരും തലമുറയ്‌ക്ക് വേണ്ടിയാണ് പോരാടുന്നതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു. അമൃത്‌സറില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്‌താവന. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ തന്ത്രങ്ങളാണ് ഇത്തവണ പഞ്ചാബില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പയറ്റുന്നത്.
മുഖ്യമന്ത്രിയേയോ ഉപമുഖ്യമന്ത്രിയേയോ മുന്‍കൂട്ടി പ്രഖ്യാപിച്ച് പാര്‍ട്ടികള്‍ ചരിത്രത്തിലിന്നോളം പഞ്ചാബില്‍ വോട്ടുതേടിയിരുന്നില്ല. എന്നാല്‍ ഇത്തവണ അനൗദ്യോഗികമെങ്കിലും ചില പാര്‍ട്ടികള്‍ മുഖ്യമന്ത്രിയെയും ക്യാബിനറ്റ് വരെയും പ്രഖ്യാപിച്ചുകഴിഞ്ഞു. ജയസാധ്യത ഏറെ കുറഞ്ഞ രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ ഈ തന്ത്രം പയറ്റുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത.
ഫോണ്‍ കോളില്‍ പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുടെ പേര് പറഞ്ഞാണ് ആം ആദ്‌മി പാര്‍ട്ടി ഇത്തവണ ജനങ്ങള്‍ക്ക് മുമ്പില്‍ എത്തുന്നത്. 21 ലക്ഷം പേരില്‍ നടത്തിയ സര്‍വേയില്‍ 93 ശതമാനം പേരും ഭഗവന്ത് മാനെയെ അനുകൂലിക്കുന്നതായി പാര്‍ട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചെങ്കിലും പഞ്ചാബിന് പുതിയ അനുഭവമായിരുന്നു പുതിയ പ്രചാരണ രീതി.
Also read: പഞ്ചാബില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറുന്നു ; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍നിര്‍ത്തി പ്രചാരണം
117 അംഗ പഞ്ചാബ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ന് നടക്കും. വോട്ടെണ്ണൽ മാർച്ച് 10നാണ്. 2017ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ അധികാരമേറ്റത്.