ന്യൂഡർഹി : പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന നവജോത് സിംഗ് സിദ്ദു ചൊവ്വാഴ്ച ഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രിയും സിദ്ദുവും തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിനായി രാഹുൽ ഗാന്ധി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോൺഗ്രസ് എംഎൽഎമാർ, എംപിമാർ, പഞ്ചാബിലെ പ്രമുഖ നേതാക്കൾ എന്നിവരുമായി നിരന്തര ചർച്ചയിലായിരുന്നു.
പാർട്ടിയുടെ പഞ്ചാബ് യൂണിറ്റിലെ വിഭാഗീയത അവസാനിപ്പിക്കാൻ സോണിയ ഗാന്ധി മൂന്നംഗ സമിതി രൂപീകരിച്ചിരുന്നു.
Also read: മോദിയേക്കാള്‍ മികവ്, പാക് പ്രധാനമന്ത്രി ഇന്ധനവില നിയന്ത്രിച്ചെന്ന് കോൺഗ്രസ് എംഎൽഎ
വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധിയുടെ വസതിയിലെത്തിയ നേതാക്കളിൽ വിജേന്ദ്ര സിംഗ്‌ല, റാണ ഗുർജിത് സിംഗ്, ആർഎസ് എംപി ഷംഷർ സിംഗ് ദില്ലൺ, എംഎൽഎ ലഖ്‌വീർ സിംഗ് എന്നിവർ പങ്കെടുത്തു.
പഞ്ചാബ് കോൺഗ്രസിലെ കലഹങ്ങൾ പരിഹരിക്കുന്നതിനാണ് യോഗം ചേർന്നതെന്നും സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്നും രാജ്യസഭ എംപി ഷംഷർ സിംഗ് ധില്ലൺ മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് മൂന്ന് ദിവസത്തെ ഡൽഹി സന്ദർശന വേളയിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കണ്ടില്ല എന്നത് ശ്രദ്ധേയമാണ്.
കോൺഗ്രസ് അധികാരത്തിലിരിക്കുന്ന ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ് അതിനാൽ തന്നെ പാർട്ടിക്ക് ചർച്ചകൾ നിർണായകമാണ്. അടുത്ത വർഷമാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ്.