ഛണ്ഡിഗഡ്: കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കർതാർപൂർ ഇടനാഴി വീണ്ടും തുറക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അമരീന്ദർ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പാകിസ്ഥാനിലെ കര്‍താര്‍പൂര്‍ ഗുരുദ്വാര സാഹിബിലേക്ക് ഇന്ത്യൻ തീര്‍ഥാടകര്‍ക്ക് സന്ദര്‍ശനം സാധ്യമാക്കുന്ന ഇടനാഴിയാണിത്.
കൃത്യമായ കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് ഇടനാഴി തുറക്കണം. തീര്‍ഥാടകര്‍ക്ക് കൊവിഡ് പരിശോധനയ്ക്കും വാക്‌സിൻ എടുക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തയാറാണെന്നും അമരീന്ദര്‍ സിങ് കത്തില്‍ പറയുന്നു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020 മാര്‍ച്ചില്‍ ഇടനാഴിയിലൂടെ കർതാർപൂരിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര താൽക്കാലികമായി നിർത്തിവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കർതാർപൂരിലെ ഗുരുദ്വാര ദർബാർ സാഹിബിൽ ദർശനം നടത്താനുള്ള ആഗ്രഹം ജനങ്ങൾ വീണ്ടും വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.