ചണ്ഡീഗഡ് : തടസമില്ലാതെ വിതരണം ചെയ്യുന്നതിന് 50 മെട്രിക് ടൺ ഓക്സിജനും 20 ടാങ്കറുകളും അധികമായി അനുവദിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടു. നിലവിൽ 15 ടാങ്കറുകൾ മാത്രമേ സംസ്ഥാനത്തിന് ഉള്ളൂവെന്നും മറ്റിടങ്ങളില്‍ നിന്ന് വരുന്ന ഓക്സിജൻ വിതരണം ചെയ്യാൻ ഇവ പര്യാപ്തമല്ലെന്നും കൊവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Also Read കൊവിഡ് ചികിത്സയ്ക്ക് തോന്നിയ നിരക്ക് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി
മറ്റ് സംസ്ഥാനങ്ങളിലെ വിവിധ പ്ലാന്‍റുകളിൽ നിന്ന് പഞ്ചാബിന് 195 മെട്രിക് ടൺ ഓക്സിജൻ വകയിരുത്തുന്നുണ്ട്. എന്നാൽ കഴിഞ്ഞ 7 ദിവസങ്ങളിലായി പ്രതിദിനം 110-120 മെട്രിക് ടൺ വീതമാണ് സംസ്ഥാനത്തിന് ലഭിച്ചതെന്ന് സിങ് പറഞ്ഞു. സംസ്ഥാനത്തെ പ്രതിദിന ഓക്സിജന്‍ ഉപയോഗം 225 മെട്രിക് ടണ്ണിൽ കൂടുതലാണ്. ഓരോ ദിവസവും ശരാശരി 15 മുതൽ 20 ശതമാനം വരെയാണ് ആവശ്യം വർധിക്കുന്നത്.
ബൊക്കാരോ പ്ലാന്‍റിൽ നിന്ന് 90 മെട്രിക് ടൺ ക്വാട്ടയുമായി ഒരു ടാങ്കർ സംസ്ഥാനത്തെത്താൻ ഏകദേശം 4-5 ദിവസം എടുക്കുന്നുവെന്നതാണ് സ്ഥിതി രൂക്ഷമാക്കിയതെന്ന് ചീഫ് സെക്രട്ടറി വിനി മഹാജൻ പറഞ്ഞു. കൂടുതൽ ടാങ്കറുകൾ ലഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ വഷളാകും. ബൊക്കാരോയിൽ നിന്നുള്ള 90 മെട്രിക് ടണ്ണിന് പുറമെ, ബഡ്ഡിയിലെ പ്ലാന്‍റിൽ നിന്ന് 60 മെട്രിക് ടൺ, പാനിപത്തിലേതില്‍ നിന്ന് 20 മെട്രിക് ടൺ, റൂർക്കിയിലേതില്‍ നിന്ന് 15 മെട്രിക് ടൺ, ഡെറാഡൂണില്‍ നിന്ന് 10 മെട്രിക് ടൺ എന്നിവയാണ് സംസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ ഓക്സിജൻ വിഹിതം.
Also Read ആർ.ടി.പി.സി.ആർ പരിശോധനാനിരക്ക് കുറച്ച സർക്കാർ നടപടിയെ പ്രശംസിച്ച് ഹൈക്കോടതി
കൂടാതെ, സംസ്ഥാന എ എസ് യുവിൽ നിന്നും പ്രാദേശിക പി എസ് എയിൽ നിന്നും പ്രതിദിനം 80 മെട്രിക് ടൺ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും സംസ്ഥാനത്തിന്‍റെ വർധിച്ച ആവശ്യം നികത്താൻ ഇത് പര്യാപ്തമല്ലെന്നും ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും വിനി മഹാജൻ പറഞ്ഞു.