ന്യൂഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ മദ്യപിച്ച് ലക്കുകെട്ടതിനെ തുടർന്ന് ജർമനിയിൽ വച്ച് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടെന്ന ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വിഷയത്തിൽ അന്വേഷണം വേണമെന്ന് ഉയരുന്ന ആവശ്യത്തിൽ സംഭവത്തിന്‍റെ വിശദാംശങ്ങൾ നൽകേണ്ടത് ലുഫ്‌താൻസ എയർലൈൻ ആണെന്ന് ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകി.
രാജ്യത്തിന് പുറത്താണ് സംഭവം നടന്നുവെന്ന് ആരോപിക്കപ്പെടുന്നത്. അതിനാൽ വിഷയത്തിൽ വസ്‌തുതകൾ പരിശോധിക്കേണ്ടതുണ്ട്. ലുഫ്‌താൻസ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ.
ശിരോമണി അകാലിദൾ നേതാവ് സുഖ്‌ബീർ സിങ് ബാദൽ ആണ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ തിങ്കളാഴ്‌ച ആരോപണം ഉന്നയിച്ചത്. മദ്യലഹരിയിൽ മാനെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു. നടക്കാൻ പോലും കഴിയാത്തത്ര മദ്യപിച്ച അവസ്ഥയിലായിരുന്നു മുഖ്യമന്ത്രി. ഇത് നാല് മണിക്കൂർ വിമാനം വൈകുന്നതിന് കാരണമായി. അതിനാൽ ആം ആദ്‌മി പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ ഭഗവന്ത് മാന് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇത് ലോകമെമ്പാടുമുള്ള പഞ്ചാബികളെ നാണം കെടുത്തുകയും അപമാനിക്കുകയും ചെയ്‌തിരിക്കുകയാണെന്നും സുഖ്‌ബീർ സിങ് ബാദൽ ആരോപിച്ചു.
ഡൽഹിയിലേക്കുള്ള ലുഫ്‌താൻസ വിമാനത്തിൽ ഫ്രാങ്ക്ഫർട്ടിൽ നിന്നുള്ള യാത്രക്കാരനാണ് ഭഗവന്ത് മാൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് ട്വീറ്റ് ചെയ്‌തത്. ഇത് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുകയായിരുന്നു.
മാനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടുവെന്ന ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് പ്രതിപക്ഷ നേതാവ് പർതാപ് സിങ് ബജ്‌വയും ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തെഴുതിയിട്ടുണ്ട്. വാർത്ത ശരിയാണെങ്കിൽ ഭഗവന്ത് മാൻ അദ്ദേഹത്തിന്‍റെ സ്ഥാനത്തെ അപമാനിക്കുകയാണുണ്ടായത്. അതിനാൽ ലുഫ്‌താൻസ എയർലൈൻസിൽ നിന്നുള്ള വാർത്ത സ്ഥിരീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഇതിൽ ഭഗവന്ത് മാൻ എന്ന വ്യക്തി മാത്രമല്ല, അദ്ദേഹത്തിന്‍റെ പദവിയും ഉൾപ്പെടുന്നുവെന്നും ഇത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കേണ്ടതാണെന്നും ബജ്‌വ കത്തിൽ പറയുന്നു.
"അമിത മദ്യപാനം മൂലം തനിയെ നടക്കാൻപോലും കഴിയാത്ത അവസ്ഥയിലായിരുന്നു മാൻ. ഭാര്യയും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് താങ്ങിപ്പിടിച്ചാണ് മാനിനെ കൊണ്ടുപോയത്. വലിയ നാണക്കേടാണുണ്ടായിരിക്കുന്നത്", കോൺഗ്രസ് ട്വിറ്ററിൽ കുറിച്ചു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ആം ആദ്‌മി പാർട്ടി പ്രതികരിച്ചു. "മുൻ തീരുമാനിച്ചതുപോലെ സെപ്റ്റംബർ 19ന് തന്നെ അദ്ദേഹം തിരിച്ചെത്തി. സമൂഹ മാധ്യമത്തിലേത് വ്യാജ പ്രചരണം മാത്രമാണ്. വിദേശയാത്രയിലൂടെ കുറച്ച് നിക്ഷേപം സംസ്ഥാനത്തേക്ക് ഒഴുകും. ഇതിൽ വിറളിപൂണ്ടാണ് പ്രതിപക്ഷം മാനിനെ വിമർശിക്കുന്നത്. നിങ്ങൾക്ക് ലുഫ്‌താൻസ എയർലൈൻസുമായി ഇക്കാര്യം പരിശോധിക്കാം", എഎപി വക്താവ് മൽവീന്ദർ സിങ് കാങ് പറഞ്ഞു. വിദേശ നിക്ഷേപം ആകർഷിക്കാൻ സെപ്റ്റംബർ 11 മുതൽ 18 വരെ ജർമനി സന്ദർശിക്കുകയായിരുന്നു മാൻ.
വിഷയത്തിൽ പ്രതികരണവുമായി ലുഫ്‌താൻസ എയർലൈൻസും രംഗത്തെത്തിയിരുന്നു. ഡൽഹി വിമാനം ഷെഡ്യൂൾ ചെയ്‌ത സമയത്തേക്കാൾ വൈകിയാണ് പുറപ്പെട്ടതെന്നും ഇതിന് മറ്റൊരു കാരണമില്ലെന്നുമാണ് ലുഫ്‌താൻസ എയർലൈൻസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
ഡൽഹിയിലേക്കുള്ള ഞങ്ങളുടെ ഫ്‌ലൈറ്റ് ഇൻബൗണ്ട് ഫ്‌ലൈറ്റ് വൈകിയതിനാൽ ആദ്യം പ്ലാൻ ചെയ്‌തതിനേക്കാൾ വൈകിയാണ് പുറപ്പെട്ടത്. അല്ലാതെ ഇതിന് മറ്റ് കാരണങ്ങളൊന്നുമില്ലെന്ന് ഫ്‌ലൈറ്റ് വൈകുന്നതിനെക്കുറിച്ച് ചോദിച്ച ഒരു ഉപയോക്താവിന് മറുപടിയായി ലുഫ്‌താൻസ ട്വീറ്റ് ചെയ്‌തു.