ബെംഗളുരു : ആശുപത്രിയിലെത്തിച്ചപ്പോൾ പുനീതിന്‍റെ ശരീരം പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്ന് നടനെ പരിശോധിച്ച ഡോക്‌ടർ. ഹൃദയാഘാതത്തെ പ്രതിരോധിക്കാനുള്ള നടപടികൾക്ക് ശ്രമിച്ചിരുന്നു.
അദ്ദേഹത്തെ ഉടന്‍ വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തു. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിട്ടുണ്ടായിരുന്നുവെന്ന് വിക്രം ആശുപത്രിയിൽ പുനീതിനെ പരിശോധിച്ച കാർഡിയോളജിസ്റ്റ് ഡോ. രംഗനാഥ നായക് പറഞ്ഞു.
വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ശരീരം പ്രതികരിച്ചില്ല. കാർഡിയാക് അസിസ്റ്റോൾ അവസ്ഥയിലായിരുന്നു അദ്ദേഹമെന്നും ഡോക്‌ടർ വ്യക്തമാക്കുന്നു.
READ MORE: അച്ഛന്‍റെ പാത തുടർന്ന് മകനും : പുനീത് രാജ്‌കുമാറിന്‍റെ കണ്ണുകൾ ദാനം ചെയ്‌തു
അതേസമയം പുനീത് രാജ്‌കുമാറിന്‍റെ കണ്ണുകൾ ദാനം ചെയ്‌തു. അദ്ദേഹത്തിന്‍റെ പിതാവും പ്രമുഖ നടനുമായിരുന്ന ഡോ. രാജ്‌കുമാറും മരണ ശേഷം കണ്ണുകൾ ദാനം ചെയ്‌തിരുന്നു. നാരായണ നേത്രാശുപത്രിയിലേക്കാണ് പുനീതിന്‍റെ കണ്ണുകൾ ദാനം ചെയ്‌തത്.
മരണശേഷവും പുനീത് ജനങ്ങൾക്ക് മാതൃകയാകുകയാണെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ ട്വീറ്റ് ചെയ്‌തു. ആശുപത്രിയില്‍ വച്ച് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു പുനീതിന്‍റെ മരണം.