പൂനെ : ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ പേരിൽ 16കാരനെ പ്രായപൂർത്തിയാകാത്ത ആറംഗ സംഘം ആക്രമിച്ചു. പൂനെ ഗുലേനഗറിലെ വാഡ്‌ഗാവ് ബുദ്രുക്കിൽ ഞായറാഴ്‌ച (മെയ് 29) ഉച്ചയ്ക്കായിരുന്നു സംഭവം. ആക്രമണത്തിനിരയായ കുട്ടിയുടെയും അമ്മയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ സിൻഹഗഡ് റോഡ് പൊലീസ് ആറ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
സംഘത്തിലുൾപ്പെട്ടവരും ആക്രമണത്തിനിരയായ 16കാരനും തമ്മിൽ നേരത്തേ പരിചയമുള്ളവരാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത ഒരു സ്റ്റോറിയുടെ പേരിൽ ദിവസങ്ങൾക്ക് മുമ്പ് ഇവർ തമ്മിൽ വാക്കേറ്റമുണ്ടായതായി പൊലീസ് പറയുന്നു.
ഗുലേനഗറിലെ എടിഎമ്മിൽ പണം പിൻവലിക്കാനെത്തിയതായിരുന്നു പരാതിക്കാരിയുടെ മകൻ. നേരത്തേ വാക്കേറ്റമുണ്ടായതിന്‍റെ അമർഷത്തിൽ പ്രായപൂർത്തിയാകാത്ത പ്രതികൾ 16കാരനെ പിന്തുടർന്ന് പിന്നിൽ നിന്ന് തലയിൽ കുത്തുകയും മുഷ്‌ടി ചുരുട്ടിയും വടികൊണ്ടും അടിക്കുകയും ചെയ്‌തു. ആക്രമണത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാട്ടുകാരിൽ നിന്ന് ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.