പുതുച്ചേരി : കൂടുതൽ ഇളവുകളോടെ പുതുച്ചേരിയിലെ ലോക്ക്‌ഡൗൺ ജൂൺ 21 വരെ നീട്ടി. റവന്യൂ- പുനരധിവാസ വകുപ്പ് സെക്രട്ടറി അശോക് കുമാർ ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. രാത്രി കർഫ്യൂ 10 മണി മുതൽ രാവിലെ അഞ്ച് മണി വരെ തുടരും.
ഹോട്ടലുകൾ, ലോഡ്‌ജുകൾ, ഗസ്‌റ്റ് ഹൗസ് എന്നിവയ്‌ക്കുള്ളിലെ റസ്‌റ്റോറന്‍റ്, ബാർ തുടങ്ങിയവ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം പേരെ പ്രവേശിപ്പിച്ച് രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മദ്യശാലകൾക്കും പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്.
മദ്യത്തിന്‍റെ ചില്ലറ വിൽപന രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചുമണി വരെ നടത്താം. ചായക്കടകൾ, ജ്യൂസ് കടകൾ തുടങ്ങിയവ രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ച് വരെ തുറക്കാം.
Also Read: പുതുച്ചേരിയിൽ 640 പേർക്ക് കൂടി കൊവിഡ്; 15 മരണം
വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് 25 പേർക്കും സംസ്‌കാര ചടങ്ങുകൾക്ക് 20 പേർക്കും പങ്കെടുക്കാൻ അനുവാദം നൽകിയിട്ടുണ്ട്. കൂടാതെ വ്യവസായ സ്ഥാപനങ്ങൾ, നിർമാണ സ്ഥാപനങ്ങൾ എന്നിവക്ക് നിർദേശങ്ങൾ പാലിച്ച് പ്രവർത്തിക്കാം.
എല്ലാ സ്വകാര്യ ഓഫിസുകൾക്കും രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ പ്രവർത്തിക്കാമെന്നും അര്‍ഹരായ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിൻ നൽകിയതായി ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പുതുച്ചേരിയിൽ നിലവിൽ 5,331 കൊവിഡ് രോഗികളാണ് ഉള്ളത്.