പുതുച്ചേരി: ബജറ്റ് സമ്മേളനത്തില്‍ പാചകവാതകത്തിന് കാര്‍ഡുടമകള്‍ക്ക് സബ്‌സിഡി ഉള്‍പ്പടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തി പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി. ലഫ്‌റ്റനന്‍റ് ഗവർണർ തമിഴിസൈയുടെ പ്രസംഗത്തോടെയാണ് ആരംഭിച്ച നിയമസഭ ബജറ്റ് സമ്മേളനത്തിലാണ് ധനമന്ത്രിയുടെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയത്. മാര്‍ച്ച് ഒമ്പതിന് ആരംഭിച്ച സഭ സമ്മേളനത്തില്‍ ഇന്നാണ് മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിച്ചത്.
ഇനി പഠനം മാറും: പുതുച്ചേരിയിലെ പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉടൻ സൗജന്യ ലാപ്‌ടോപ്പ് ലഭ്യമാക്കും. സർക്കാർ സ്‌കൂളുകളിൽ ആറ് മുതൽ പ്ലസ് വണ്‍ ക്ലാസ് വരെ സിബിഎസ്ഇ സിലബസ് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിലവിൽ തമിഴ് പാഠ്യപദ്ധതിയാണ് പുതുച്ചേരി സർക്കാർ സ്കൂളുകളിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് പിന്തുടരുന്നത്.
ചില വീട്ടുകാര്യങ്ങള്‍: പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിൽ ഈ വർഷം 2000 വീടുകൾ നിർമിക്കുമെന്നും മുഖ്യമന്ത്രി ബജറ്റില്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ പാർപ്പിട പദ്ധതിയുടെ പ്രയോജനം ലഭിക്കാത്തവർക്ക് കാമരാജ് ഭവന നിർമാണ പദ്ധതി പ്രകാരം പ്രയോജനം ലഭിക്കുമെന്നും പട്ടികജാതി വിഭാഗത്തിന് അഞ്ച് ലക്ഷം രൂപയും പിന്നാക്ക വിഭാഗത്തിന് 3.5 ലക്ഷം രൂപയും ധനസഹായം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതുച്ചേരിയിലെ എല്ലാ ഗാർഹിക കാർഡ് ഉടമകൾക്കും പാചക വാതക സിലിണ്ടറിന് 300 രൂപ സബ്‌സിഡി ലഭിക്കും. ഒരു വർഷത്തിൽ 12 മാസത്തേക്കാണ് ഗ്രാന്റ് നൽകുകയെന്നും ഇതുവഴി സർക്കാരിന് പ്രതിവർഷം 126 കോടി രൂപ അധിക ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബജറ്റ് മറ്റെന്തെല്ലാം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ടൂറിസം പദ്ധതി പ്രകാരം 5,000 യുവാക്കൾക്ക് തൊഴിൽ സൃഷ്‌ടിക്കും. സ്‌കൂളുകളിൽ വിദ്യാർഥികൾക്കായി ടൂറിസം ക്ലബ്ബ് സ്ഥാപിക്കും. പുതുച്ചേരിയിൽ സർവീസ് നടത്തുന്ന പഴയ ബസുകൾക്ക് പകരം പുതിയ ബസുകൾ വാങ്ങുമെന്നും ഇതിൽ 50 ഇലക്‌ട്രിക് ബസുകളും 50 ഡീസൽ ബസുകളും വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്‍റെ ഭാഗമായി 10 ബസുകൾ തയ്യാറായെന്നും അദ്ദേഹം വ്യക്തമാക്കി. പെൺകുട്ടികളുടെ ഭാവി കണക്കിലെടുത്ത് പെണ്‍കുട്ടികള്‍ക്കായുള്ള മുഖ്യമന്ത്രിയുടെ സംരക്ഷണ പദ്ധതി പ്രകാരം ജനിച്ച് 18 വർഷത്തേക്ക് ദേശസാൽകൃത ബാങ്കിൽ സ്ഥിരനിക്ഷേപ ഫണ്ടായി 50,000 നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതേസമയം 12 വർഷത്തിന് ശേഷമുള്ള സമ്പൂർണ ബജറ്റാണെങ്കിലും പുതുതായി നികുതികള്‍ ചുമത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അധ്യയനം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും വിദ്യാർഥികൾക്ക് യൂണിഫോമുകളും പുസ്‌തകങ്ങളും വിതരണം ചെയ്യാത്ത സർക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതിനായി പുതുച്ചേരിയിലെ ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) എംഎൽഎമാര്‍ യൂണിഫോമും ബാഗും ഐഡി കാർഡും ധരിച്ച് സൈക്കിളിലാണ് നിയമസഭയിൽ എത്തിയത്. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് സർക്കാർ യാതൊരു പ്രാധാന്യവും നൽകുന്നില്ലെന്നും ജി20 വേദി ഒരുക്കാൻ മാത്രമാണ് സർക്കാരിന് താൽപര്യമെന്നും എംഎൽഎമാർ കുറ്റപ്പെടുത്തിയിരുന്നു.