പുതുച്ചേരി: പുതിയ മന്ത്രിസഭയിലേക്കുള്ള എൻഡിഎ മന്ത്രിമാരുടെ സാധ്യതാ പട്ടിക മുഖ്യമന്ത്രി എൻ. രംഗസാമി ബുധനാഴ്‌ച ലെഫ്. ഗവർണർ തമിഴ്സായ് സൗന്ദരരാജന് കൈമാറിയതോടെ കേന്ദ്രഭരണ പ്രദേശത്തെ മന്ത്രിസഭാ വിപുലീകരണ പ്രതിസന്ധി അവസാനിച്ചു. അതേസമയം മന്ത്രിമാരുടെ പേര് ഇതുവരെ മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ജൂൺ 27ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടത്തുമെന്ന് പുതുച്ചേരി വൃത്തങ്ങൾ അറിയിച്ചു.
Also Read: പുതുച്ചേരി മന്ത്രിസഭ; ലഫ്റ്റനന്‍റ് ഗവർണർക്ക് മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറി
മെയ് ഏഴിന് മുഖ്യമന്ത്രി എൻ. രംഗസാമി അധികാരത്തിൽ പ്രവേശിച്ച ശേഷവും ചില പ്രധാന വകുപ്പുകളിൽ മന്ത്രിമാരെ നിശ്ചയിക്കുന്നതിൽ അഖിലേന്ത്യാ എൻആർ കോൺഗ്രസും (എഐഎൻആർസി) ബിജെപിയും തമ്മിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. തുടർന്ന് ബിജെപി തങ്ങളുടെ മൂന്ന് നേതാക്കളെ നിയമസഭാംഗങ്ങളാക്കി നാമനിർദേശം ചെയ്തതോടെ ഇരുകൂട്ടരും തമ്മിലുള്ള വടംവലി കൂടുതൽ ശക്തമായി. തെരഞ്ഞെടുക്കപ്പെട്ട ആറ് പേരിൽ മൂന്ന് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ നൽകിയതോടെ മുഖ്യമന്ത്രി സ്ഥാനം പിൻവാതിലിലൂടെ നേടാൻ ബിജെപി ശ്രമിക്കുന്നതായും ആരോപണങ്ങൾ ഉണ്ടായി.
പുതിയ സഭയിൽ മൂന്ന് മന്ത്രി സ്ഥാനങ്ങളോടൊപ്പം ഉപമുഖ്യമന്ത്രി സ്ഥാനവും ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രമന്ത്രിമന്ത്രിയുടെ അംഗീകാരത്തിനുശേഷം ഉപമുഖ്യമന്ത്രിയെ നിയോഗിക്കാമെന്ന് തീരുമാനമായതോടെ സ്പീക്കർ പദവിയും രണ്ട് മന്ത്രിസ്ഥാനങ്ങളും ബിജെപിക്ക് നൽകണമെന്ന ആവശ്യം ശക്തമായി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിലധികമായെങ്കിലും പുതുച്ചേരിയിൽ മുഖ്യമന്ത്രിയും സ്‌പീക്കറുമല്ലാതെ മറ്റാരും ഇതുവരെ സ്ഥാനമേറ്റിരുന്നില്ല.