ലഖ്നൗ: കൊവിഡിനെ തുടര്‍ന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണവും താമസവും ഏർപ്പെടുത്തണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതി അഭ്യർഥിച്ചു.
''കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികൾക്കും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്കും സൗജന്യ ഭക്ഷണവും താമസവും ഒരുക്കണമെന്ന് ഞാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. സംസ്ഥാനത്തിനാവശ്യമായ എല്ലാ പിന്തുണയും നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോടും ഞാന്‍ അഭ്യർഥിക്കുകയാണ്''. മായാവതി പറഞ്ഞു.
അതേസമയം കൊവിഡ് വൈറസ് രോഗത്തിനെതിരായ കുത്തിവയ്പ്പുകൾ വർദ്ധിപ്പിക്കുന്നതിനായി ഏപ്രിൽ 11 ന് ആരംഭിച്ച പ്രത്യേക വാക്സിനേഷൻ ഡ്രൈവ് 'ടിക്ക ഉത്സവ്' സംഘടിപ്പിക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ അവർ പ്രശംസിച്ചു. എന്നിരുന്നാലും, പാവപ്പെട്ടവർക്ക് സൗജന്യമായി കുത്തിവയ്പ് നൽകിയിരുന്നെങ്കിൽ നന്നായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.