ന്യൂഡല്‍ഹി : കൈക്കൂലി കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെങ്കില്‍ അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥ പ്രകാരം ആവശ്യപ്പെട്ടതിന്‍റെ തെളിവും ഉദ്യോഗസ്ഥർ അത് സ്വീകരിച്ചതിന്‍റെ തെളിവും അനിവാര്യമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, അഭയ് എസ് ഓക എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് വിധി.
സെക്കന്തരാബാദിൽ വാണിജ്യ നികുതി ഓഫിസറായി ജോലി ചെയ്‌തിരുന്ന സർക്കാര്‍ ഉദ്യോഗസ്ഥയുടെ ശിക്ഷ ശരിവച്ച തെലങ്കാന ഹൈക്കോടതിയുടെ വിധി കോടതി റദ്ദാക്കി. പ്രതി കൈക്കൂലി ആവശ്യപ്പെട്ടത് സംബന്ധിച്ച തെളിവുകൾ വിശ്വസനീയമല്ലെന്ന് ബഞ്ച് വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതുമായി ബന്ധപ്പെട്ട അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 പ്രകാരം കൈക്കൂലി ആവശ്യപ്പെട്ടതിന്‍റെ തെളിവും അത് സ്വീകരിച്ചതിന്‍റെ തെളിവും ഉണ്ടെങ്കില്‍ മാത്രമേ പ്രതിയെ ശിക്ഷിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.
ഒരു സഹകരണ സംഘത്തിന്‍റെ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നയാളാണ് കേസിലെ പരാതിക്കാരന്‍. 1997-98 വർഷത്തെ സഹകരണ സംഘത്തിന്‍റെ മൂല്യനിർണയം പൂർത്തിയായെങ്കിലും 2000 ഫെബ്രുവരി വരെ 1996-97 വർഷത്തെ റിട്ടേണുകൾ മൂല്യനിർണയം നടത്തിയില്ല.
Also read: സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം ; കാസർകോട് ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടർക്ക് സസ്പെൻഷൻ
1996-97 വർഷത്തേക്കുള്ള ക്യാഷ് ബുക്ക്, ജനറൽ ലെഡ്‌ജർ, പർച്ചേസ് ആൻഡ് സെയിൽസ് സ്റ്റേറ്റ്‌മെന്‍റുകള്‍ എന്നീ രേഖകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ട് 2000 ഫെബ്രുവരിയിൽ ഉദ്യോഗസ്ഥ നോട്ടിസ് നൽകിയതായി പ്രോസിക്യൂഷൻ ആരോപിച്ചു. തുടർന്ന് രേഖകൾ സഹിതം പരാതിക്കാരന്‍ വാണിജ്യ നികുതി ഓഫിസിൽ ഹാജരായി.
എന്നാല്‍ മൂല്യനിർണയ ഉത്തരവ് നൽകുന്നതിന് ഉദ്യോഗസ്ഥ 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതി. പിന്നീട് ഇത് 2,000 രൂപയായി കുറച്ചെന്നും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.
2000 മാർച്ചിൽ, പരാതിക്കാരനും സഹകരണ സംഘത്തിന്‍റെ മാനേജിങ് ഡയറക്‌ടറും എസിബിയെ സമീപിച്ചു. തുടർന്ന് പ്രതിയെ പിടികൂടി. എന്നാല്‍ അടയാളപ്പെടുത്തി നല്‍കിയ നോട്ടുകള്‍ നേരിട്ട് വാങ്ങുന്നതിന് പകരം ഡയറിയിൽ നോട്ടുകൾ വയ്ക്കാന്‍ ഉദ്യോഗസ്ഥ ആവശ്യപ്പെടുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.
കേസില്‍ പ്രതി കുറ്റക്കാരിയെന്ന് പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. പിന്നീട് പ്രത്യേക കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുകൊണ്ട് പ്രതി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.