നദ്‌മദാപുരം: സമൂഹ മാധ്യമത്തില്‍ ഒരു വീഡിയോ പങ്കുവച്ചതിനെ തുടര്‍ന്ന് പൊല്ലാപ്പിലായിരിക്കുകയാണ് ബോളിവുഡ് താരം രവീണ ടണ്ടൻ. മധ്യപ്രദേശിലെ സത്പുര കടുവ സങ്കേതം സന്ദര്‍ശിച്ച സമയത്ത്, കടുവയുടെ സമീപത്തുനിന്നും പകര്‍ത്തിയ ദൃശ്യമാണ് പ്രശ്‌നമായത്. കടുവയുടെ സമീപത്തേക്ക് പോവുന്നതില്‍ വിലക്കുണ്ടെന്ന് പ്രതികരിച്ച അധികൃതര്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
നടി സഞ്ചരിച്ച സഫാരി വാഹനം കടുവയുടെ അടുത്തേക്ക് വരുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലുള്ളത്. ക്യാമറയില്‍ തുരുതുരാ ഫോട്ടോയെടുക്കുന്നതിന്‍റെ ശബ്‌ദവും വാഹനത്തിന്‍റെ അടുത്തെത്തിയ കടുവ നടിയടങ്ങുന്ന സന്ദര്‍ശകര്‍ക്ക് നേരെ മുരളുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. കടുവയുടെ അടുത്തേക്ക് പോവുന്നത് അനിഷ്‌ട സംഭവങ്ങൾ ഉണ്ടാക്കാമെന്നും ഇത് ഒഴിവാക്കേണ്ടിയിരുന്നു എന്നുമാണ് ടൈഗര്‍ റിസര്‍വ് മാനേജ്മെന്‍റിന്‍റെ പക്ഷം.
സഫാരി വാഹനമായ ജിപ്‌സിയുടെ ഡ്രൈവറോടും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടും അധികൃതര്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. രവീണയ്‌ക്കൊപ്പമുണ്ടായിരുന്ന ഡ്രൈവര്‍ക്കും ഗൈഡിനുമെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും സത്പുഡ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്‌ടര്‍ സന്ദീപ് ഫെലോജ് അറിയിച്ചു. അതേസമയം, രവീണ തന്‍റെ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്‌ത വിവാദ വീഡിയോ ഇപ്പോള്‍ ലഭ്യമല്ല.