ന്യൂഡൽഹി : കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ മറച്ചുവയ്‌ക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സര്‍ക്കാരിൻ്റെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണമായി കണക്കിലെ കൃത്രിമത്വം ഉപയോഗിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
മോദി സര്‍ക്കാരിൻ്റെ പ്രതിച്ഛായ സംരക്ഷിക്കുന്നത് ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമാണോയെന്നും പ്രിയങ്ക ചോദിച്ചു. ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിന് പകരം മോദി സർക്കാർ പ്രചാരണ പ്രവർത്തനങ്ങള്‍ക്ക് മുൻഗണന കൊടുത്തു. അതുമൂലം അളക്കാനാകാത്ത നാശമാണ് വന്നിരിക്കുന്നത്.
കേന്ദ്രം കൊവിഡ് കൈകാര്യം ചെയ്ത രീതിയെ വിമർശിച്ച് നടത്തുന്ന ‘ആരാണ് ഉത്തരവാദി’ എന്ന ക്യാമ്പയിനിലാണ് പ്രിയങ്ക ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്. ഇന്ത്യക്കാരുടെ ജീവൻ രക്ഷിക്കുന്നതിലും പ്രധാനം പ്രധാനമന്ത്രിയുടെ പ്രതിച്ഛായ രക്ഷിക്കുന്നതിനാണെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്ക ചോദിച്ചു
Read more: 'വാക്‌സിന്‍ കമ്പനികൾക്ക് നൽകിയ ഓർഡർ റദ്ദാക്കി' ; ഹൈക്കോടതിയില്‍ സർക്കാർ
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിപത്തിലും സർക്കാരിൻ്റെ രാഷ്‌ട്രീയ അജൻഡയ്ക്കായി യഥാർഥ കണക്കുകൾ ഒളിപ്പിച്ച് വയ്ക്കുകയാണ്. തുടക്കം മുതൽ മരിക്കുന്നവരുടെയും രോഗബാധിതരുടെയും എണ്ണം ജനസംഖ്യയുമായി താരതമ്യം ചെയ്താണ് പറഞ്ഞിരുന്നതെന്നും പ്രിയങ്ക വിമർശിച്ചു. എന്നാൽ പരിശോധന എത്ര എന്നത് കൃത്യമായി പറഞ്ഞു. ഇത് ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തി.
രോഗബാധയും മരണക്കണക്കും പേടിക്കേണ്ടതില്ലെന്നും ആവശ്യത്തിന് പരിശോധന നടത്തുന്നുണ്ടെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ കിട്ടിയത്. ഇതേ നയമാണ് ഇപ്പോൾ രാജ്യത്തെ വാക്‌സിനേഷൻ പ്രക്രിയയിലും മോദി സർക്കാർ നടത്തുന്നതെന്നും പ്രിയങ്ക ആരോപിച്ചു.