ആഗ്ര : യുപി പൊലീസിന്‍റെ തടയലിനും അതിനെതിരായ കടുത്ത പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍, പൊലീസ് കസ്റ്റഡിയില്‍ മരിച്ച യുവാവിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുധനാഴ്ച രാത്രി വൈകിയാണ് അരുണ്‍ വാല്‍മീകിയെന്ന യുവാവിന്‍റെ വീട്ടില്‍ പ്രിയങ്കയെത്തിയത്.
ആഗ്രയിലെ ഒരു പൊലീസ് സ്റ്റേഷനിൽ നിന്നും 25 ലക്ഷം രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചുള്ള കേസിലാണ് അരുണിനെ യുപി പൊലീസ് അറസ്റ്റ് ചെയ്യത്. യുവാവ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയുമായിരുന്നു. ഇവിടേക്കുള്ള യാത്രാമധ്യേ ലഖ്‌നൗവില്‍വച്ച് പ്രിയങ്ക ഗാന്ധിയെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വൈകീട്ടോടെ അനുമതി നല്‍കുകയായിരുന്നു.
വാല്‍മീകി ജയന്തി ദിനത്തില്‍ ലഖ്‌നൗ ആഗ്ര എക്‌സ്പ്രസ് ഹൈവേയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. താനെവിടെ പോയാലും യുപി പൊലീസ് തടയുകയാണെന്നും ലഖ്‌നൗവിന് പുറത്തുപോകാന്‍ തനിക്ക് അനുമതിയുടെ ആവശ്യമുണ്ടോയെന്നും പ്രിയങ്ക ചോദിച്ചു. മരിച്ചയാളുടെ വീട്ടില്‍ പോകുന്നതില്‍ എന്താണ് ക്രമസമാധാന പ്രശ്‌നമെന്നും പ്രിയങ്ക ആരാഞ്ഞു.
പ്രിയങ്കയോടൊപ്പം യുപിസിസി പ്രസിഡന്‍റ് അജയ് കുമാർ ലല്ലു, മുതിർന്ന നേതാവ് ആചാര്യ പ്രമോദ് കൃഷ്ണന്‍ എന്നിവരടക്കം നാല് പേര്‍ക്കാണ് അനുമതി നല്‍കിയത്. നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിങ്ങും അരുണിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഭരണകാലത്ത് സംസ്ഥാനത്തെ ക്രമസമാധാനനില മോശം അവസ്ഥയിലാണെന്ന് സന്ദര്‍ശനശേഷം സഞ്ജയ് സിങ് പ്രതികരിച്ചു.
also read: അമരീന്ദര്‍ സിങ് തന്‍റെയുള്ളിലെ മതേതരവാദിയെ കൊലപ്പെടുത്തി: ഹരീഷ് റാവത്ത്
ആരോഗ്യപ്രശ്‌നങ്ങളുള്ള യുവാവ് ചോദ്യം ചെയ്യലിനിടെ മരിക്കുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. മരിച്ചയാളുടെ വീട് സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കളെ അനുവദിക്കരുതെന്ന ആഗ്ര ജില്ല മജിസ്ട്രേറ്റിന്‍റെ അഭ്യർഥനയെത്തുടര്‍ന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയെ തടഞ്ഞതെന്നുമാണ് വിശദീകരണം.