ബോളിവുഡ് സിനിമ ജീവിതത്തിന്‍റെ ആരംഭകാലത്ത് മൂക്കില്‍ നടത്തിയ ശസ്‌ത്രക്രിയ തന്‍റെ കരിയറിനെ പ്രതികൂലമായി ബാധിച്ചെന്ന് നടി പ്രിയങ്ക ചോപ്ര. മെയ് ഒന്നിന് പുറത്തുവന്ന 'ഹോവാര്‍ഡ് സ്റ്റേണ്‍ ഷോ' എന്ന റേഡിയോ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്. ഡോക്‌ടറുടെ നിര്‍ദേശ പ്രകാരമാണ് ശസ്‌ത്രക്രിയ നടത്തിയത്. എന്നാല്‍, ശസ്‌ത്രക്രിയയ്‌ക്ക് ശേഷം തന്‍റെ മുഖത്തിന്‍റെ ആകൃതി മാറിയെന്നും അതുകൊണ്ട് തന്നെ കരിയര്‍ അവസാനിപ്പിക്കേണ്ടതായി വരുമെന്ന് താന്‍ ഭയപ്പെട്ടെന്നും പ്രിയങ്ക ചോപ്ര പറഞ്ഞു.
മൂക്കിലെ ശസ്‌ത്രക്രിയ കാരണം മൂന്ന് സിനിമകളില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും പ്രിയങ്ക വെളിപ്പെടുത്തി. മൂക്കിലെ ദശ (Nasal cavity polyp surgery) നീക്കം ചെയ്യാന്‍ വേണ്ടിയാണ് ശസ്‌ത്രക്രിയയ്‌ക്ക് വിധേയയായത്. എന്നാല്‍, ഇതിന് ശേഷം തന്‍റെ മുഖത്തിന്‍റെ രൂപത്തിന് വ്യത്യാസമുണ്ടായി.
അഭിനനയ ജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ അവസാനിപ്പിക്കേണ്ടതായി വരുമെന്ന് താന്‍ ഭയപ്പെട്ടു. അതൊരു ഇരുണ്ട കാലഘട്ടമായിരുന്നു തനിക്ക്. മാനസികമായി താന്‍ ഏറെ തളര്‍ന്നുപോയ ഒരു സമയവും അതുതന്നെയായിരുന്നെന്നും നടി പറഞ്ഞു
ദുഃഖം തിരിച്ചറിഞ്ഞ് ആത്മവിശ്വാസം പകര്‍ന്ന് അച്ഛന്‍: ശസ്‌ത്രക്രിയ കാരണം മൂക്കിനുണ്ടായ പ്രശ്‌നത്തില്‍ താന്‍ നിരാശയായെന്ന് തിരിച്ചറിഞ്ഞ അച്ഛനാണ് തനിക്ക് വീണ്ടും ആത്മവിശ്വാസവും പ്രോത്സാഹനവും നല്‍കിയത്. ശസ്‌ത്രക്രിയയിലൂടെ മൂക്കിനുണ്ടായ പ്രശ്‌നം മാറ്റിയെടുക്കാന്‍ മറ്റൊരു ശസ്‌ത്രക്രിയ നടത്താമെന്ന് അച്ഛന്‍ അശോക് ചോപ്ര പറഞ്ഞു.
നേരത്തെയുണ്ടായ അനുഭവത്തെ തുടര്‍ന്ന് ശസ്‌ത്രക്രിയയെ ഭയപ്പെട്ട തനിക്ക് അച്ഛനാണ് പ്രതീക്ഷ നല്‍കിയത്. ശസ്‌ത്രക്രിയ പേടിയായിരുന്ന തന്‍റെ കൈകള്‍ പിടിച്ച് കൂടെയുണ്ട് ധൈര്യമായിരിക്കെന്ന് പറഞ്ഞ അച്ഛനാണ് എനിക്ക് ആത്മവിശ്വാസം പകര്‍ന്നത്. അച്ഛന്‍ നല്‍കിയ ആത്മവിശ്വാസം മാത്രമാണ് തന്നെ വീണ്ടും മുന്നോട്ട് നയിച്ചതെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.
സംവിധായകന്‍ അനില്‍ ശര്‍മയ്‌ക്ക് നന്ദി: തന്‍റെ ജീവിതത്തില്‍ ഇങ്ങനൊയൊക്കെ സംഭവിച്ചെങ്കിലും തനിക്ക് സിനിമയില്‍ അവസരം നല്‍കിയ ബോളിവുഡ് സംവിധായകന്‍ അനില്‍ ശര്‍മയെ പ്രിയങ്ക അഭിനന്ദിച്ചു. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതായിരുന്നു താന്‍. എന്നാല്‍ തനിക്ക് സഹകഥാപാത്രത്തിന്‍റെ റോളായിരുന്നു നല്‍കിയത്.
എന്നിരുന്നാലും സാഹചര്യങ്ങളെല്ലാം തനിക്ക് പ്രതികൂലമായ സമയത്ത് പിന്തുണ നല്‍കിയ അനില്‍ ശര്‍മ ഏറെ ദയയുള്ളവനാണ്. ചെറിയ കഥാപാത്രമാണെങ്കിലും നല്ല രീതിയില്‍ പെര്‍ഫോം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ കഴിവിന്‍റെ പരമാവധി സിനിമയ്‌ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തനിക്കായി.
പ്രിയങ്ക ചോപ്രയുടെ ആദ്യ ഹിന്ദി ചിത്രമായ ദ ഹീറോ : ലവ് സ്റ്റോറി ഓഫ് എ സ്‌പൈ എന്ന ചിത്രം സംവിധാനം ചെയ്‌തത് അനില്‍ ശര്‍മയായിരുന്നു. 2003ലായിരുന്നു ചിത്രം റിലീസ് ചെയ്‌തത്.
രണ്ടാമത്തെ ശസ്‌ത്രക്രിയയിലൂടെ പ്രിയങ്കയുടെ മൂക്കിന്‍റെ പ്രയാസങ്ങള്‍ മാറി കിട്ടി. ഇതോടെ സിനിമയില്‍ മികച്ച മുന്നേറ്റം കാഴ്‌ച വയ്‌ക്കാന്‍ പ്രിയങ്കയ്‌ക്കായി. ബോളിവുഡില്‍ മാത്രമല്ല ഹോളിവുഡിലും താരം തന്‍റേതായ ഒരിടം കണ്ടെത്തി. 'സിറ്റഡല്‍' എന്ന വെബ് സീരിസാണ് പ്രിയങ്കയുടേതായി അവസാനം പുറത്തിറങ്ങിയത്. ലവ് എഗെയ്‌ന്‍ എന്ന ചിത്രത്തിലാണ് താരം അടുത്തതായി അഭിനനയിക്കാനിരിക്കുന്നത്.
also read: എഐ കാമറയിലും കെ ഫോണിലും നടന്നത് ഒരേ രീതിയിലുള്ള അഴിമതി, കൂടുതൽ രേഖകൾ പുറത്ത് വിടും: വിഡി സതീശൻ