ന്യൂഡൽഹി: കൊവിഡ് വാക്സിനേഷൻ പദ്ധതിയുടെ വിജയത്തിന് സ്വകാര്യമേഖലയിലെ ഇടപെടൽ നിർണായകമാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ജൂൺ 21ന് ആരംഭിക്കുന്ന കൊവിഡ് വാക്സിനേഷന്‍റെ പുതിയ പദ്ധതിയിൽ സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും ഒരു പ്രധാന സ്ഥാനമുണ്ട്. എല്ലാവരും ഒരു പോലെ വാക്സിനേഷനിൽ പങ്കെടുക്കണമെന്നും നീതി ആയോഗ് അംഗം ഡോ വികെ പോൾ പറഞ്ഞു.
"ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന വാക്സിനുകളിൽ 75 ശതമാനവും കേന്ദ്രം സംഭരിച്ച് സൗജന്യമായി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യും. 25 ശതമാനം സ്വകാര്യമേഖലക്കും നൽകും. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ ആവശ്യത്തിന്‍റെ കണക്കുകൾ സംസ്ഥാന സർക്കാരുകൾ ശേഖരിച്ച് കേന്ദ്രത്തിന് നൽകണം”പോൾ പറഞ്ഞു.
സ്വകാര്യ മേഖലയിലും വാക്സിനേഷൻ ഡ്രൈവുകൾ കാര്യക്ഷമമായാൽ ജന പങ്കാളിത്തം വലിയ രീതിയിൽ വർധിപ്പിക്കാൻ സാധിക്കുമെന്നും പോൾ കൂട്ടിച്ചേർത്തു.
പുതിയ വാക്സിൻ നയം
ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്സിന്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Also read: സ്വകാര്യ ആശുപത്രികളിലെ വാക്‌സിന് വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ
25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികളിലൂടെ വിതരണം ചെയ്യും. ഇതിന് സംസ്ഥാന സർക്കാരുകള്‍ മേല്‍നോട്ടം വഹിക്കണം. വാക്സിന്‍ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികള്‍ക്ക് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജ് ആയി ഈടാക്കാം. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യുമെന്നും മോദി അറിയിച്ചിരുന്നു.