ന്യൂഡൽഹി: പ്രസിഡന്‍റ് ജോ ബൈഡനുമായുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്‌ച യുഎസിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ സെക്രട്ടറി എച്ച്.വി ഷ്രിംഗ്ല അറിയിച്ചു. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഉതകുന്ന കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവൽ എന്നിവരുൾപ്പെടെയുള്ള ഉന്നത പ്രതിനിധി സംഘവും ഉണ്ടാകും. സെപ്‌റ്റംബർ 26നാകും പ്രധാനമന്ത്രി തിരിച്ചെത്തുക.
ബൈഡനുമായി മോദി പലതവണ വെർച്വൽ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇരു നേതാക്കളും മുഖാമുഖം എത്തുന്നത്. കൂടാതെ യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസുമായുള്ള മോദിയുടെ ആദ്യ ഔപചാരിക ആശയവിനിമയവും ഉണ്ടാകും. ബൈഡന്‍റെ നേതൃത്വത്തിലുള്ള കൊവിഡ് ആഗോള ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് ഷ്രിംഗ്ല കൂട്ടിച്ചേർത്തു.
also read: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനം; കമല ഹാരിസുമായി ചർച്ച നടത്തിയേക്കും
വാണിജ്യ, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സുരക്ഷ, പ്രതിരോധ സഹകരണങ്ങൾ പരിപോഷിപ്പിക്കുന്നതിനും ഇരു രാഷ്‌ട്രങ്ങളും തമ്മിൽ ഊർജിതമായ പങ്കാളിത്തം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ വൈറ്റ് ഹൗസിൽ ചേരുന്ന യോഗത്തിൽ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഷ്രിംഗ്ല പറഞ്ഞു. അഫ്‌ഗാനിലെ താലിബാൻ മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തി കടന്നുള്ള തീവ്രവാദം തടയുന്നത് സംബന്ധിച്ച ചർച്ചകളും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.