ന്യൂഡല്‍ഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ അഞ്ചാം ചരമവാർഷികത്തിൽ ആദരാഞ്ജലിയുമായി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്‍റ് ദ്രൗപതി മുർമു, എൻഡിഎ നേതാക്കൾ എന്നിവർ ഡല്‍ഹിയിലെ വാജ്‌പേയി സ്‌മാരകത്തില്‍ പുഷ്‌പാർച്ചന നടത്തി. 'സദൈവ് അടൽ' സ്മാരകത്തിൽ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻഖർ, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, രാജ്യസഭ ഉപാധ്യക്ഷൻ ഹരിവംശ്, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്‌വാൾ, അപ്‌നാദൾ (സോണിലാൽ) നേതാവ് അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി, വാജ്‌പേയിയുടെ വളർത്തുമകൾ നമിത കൗൾ ഭട്ടാചാര്യ എന്നിവരും പുഷ്പാർച്ചന നടത്തി. 21-ാം നൂറ്റാണ്ടില്‍ ഇന്ത്യയെ വിവിധ മേഖലകളില്‍ മുൻപന്തിയില്‍ എത്തിക്കുന്നതില്‍ അടല്‍ ബിഹാരി വാജ്‌പേയി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്‌മരിച്ചു.
എബി വാജ്‌പേയി: 1980ല്‍ ഭാരതീയ ജനത പാർട്ടി രൂപീകരിച്ചപ്പോൾ ആദ്യ പ്രസിഡന്‍റായ എബി വാജ്‌പേയി മൂന്ന് തവണ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തി. 1996ല്‍ ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത വാജ്‌പേയി സർക്കാർ 13 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത്. 1998ല്‍ വീണ്ടും വാജ്‌പേയി സർക്കാർ അധികാരത്തിലെത്തി. 1999ല്‍ കേവല ഭൂരിപക്ഷത്തോടെ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള സർക്കാർ മൂന്നാം തവണ അധികാരത്തിലെത്തി. കാലാവധി പൂർത്തിയാക്കിയ ആദ്യ കോൺഗ്രസ് ഇതര സർക്കാർ കൂടിയായിരുന്നു ഇത്.
പൊഖ്‌റാൻ അണുവിസ്‌ഫോടനം, ഡല്‍ഹി -ലാഹോർ ബസ് സർവീസ്, കാർഗില്‍ യുദ്ധ വിജയം അടക്കം നിരവധി വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട ഭരണകാലമാണ് അദ്ദേഹം തുടർന്നത്. സാമ്പത്തിക രംഗത്തെ വളർച്ചയും വിദേശ നയതന്ത്രവും, രാജ്യത്തെ റെയില്‍ റോഡ് വികസനവുമെല്ലാം വാജ്‌പേയി ഭരണകാലത്തുണ്ടായ നിർണായക ചുവടുവെയ്‌പ്പുകളായിരുന്നു. ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ നാട്ടില്‍ മുന്നണി രാഷ്ട്രീയത്തിന്‍റെ സ്വാധീനം ഉപയോഗപ്പെടുത്തി ദേശീയ ജനാധിപത്യസഖ്യം രൂപപ്പെടുത്തി ബിജെപിക്ക് ശക്തമായ രാഷ്ട്രീയ അടിത്തറ സൃഷ്‌ടിക്കുന്നതില്‍ വാജ്‌പേയി വഹിച്ച പങ്ക് വളരെ വലുതാണ്.
1924ൽ ഗ്വാളിയോറില്‍ ജനിച്ച വാജ്‌പേയി പതിറ്റാണ്ടുകളോളം ബിജെപിയുടെ മുഖമായിരുന്നു. ജനസംഘം നേതാവായിരുന്ന ശ്യാമപ്രസാദ് മുഖർജിയാണ് വാജ്‌പേയിയിലെ രാഷ്ട്രീയ നേതാവിനെ കണ്ടെത്തിയത്. പത്ത് തവണ ലോക്‌സഭയിലേക്കും രണ്ട് തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഹിന്ദിയില്‍ മനോഹര കവിതകളെഴുതിയ വാജ്പേയിയെ കവിത്വസിദ്ധിയുള്ള രാഷ്ട്രതന്ത്രജ്ഞരുടെ അപൂർവശ്രേണിയിലാണ് രാജ്യം പരിഗണിക്കുന്നത്. 2014ൽ ഭാരതരത്ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 2018-ൽ, ആഗസ്റ്റ് 16-ന് 93-ാം വയസില്‍ ഡൽഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു വാജ്‌പേയിയുടെ അന്ത്യം. അദ്ദേഹത്തിന്‍റെ ജന്മദിനമായ ഡിസംബർ 25 എല്ലാ വർഷവും സദ്ഭരണ ദിനമായി ആഘോഷിക്കുന്നു. ജവാഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഡോ. മൻമോഹൻ സിങ്ങും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ഇന്ത്യ ഭരിച്ച പ്രധാനമന്ത്രിയായ വാജ്‌പേയിയെ മികച്ച രാജ്യതന്ത്രജ്ഞൻ എന്ന നിലയില്‍ എക്കാലവും രാജ്യം ഓർമിക്കും.